കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്, ചുവപ്പണിഞ്ഞ് ക്യാമ്പസുകൾ
തൃശൂർ: കാലിക്കറ്റ് സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐക്ക് ആധിപത്യം. സെന്റ്. തോമസ് കോളേജ്, പഴയന്നൂർ ഐ.എച്ച്.ആർ.ഡി എന്നിവിടങ്ങളിൽ യു.ഡി.എസ്.എഫ് ഭൂരിപക്ഷം നേടി. പെരുവല്ലൂർ മദർ ആർട്‌സ് ആൻഡ് സയൻസ്, പാവറട്ടി സെയ്ന്റ് ജോസഫ്, തൊഴിയൂർ ഐ.സി.എ കോളേജ് എന്നിവിടങ്ങളിൽ വിജയിച്ചതായി എസ്.എഫ്.ഐ അവകാശപ്പെട്ടു. തുടർച്ചയായി രണ്ടാം തവണയാണ് പഴയന്നൂർ ഐ.എച്ച്.ആർ.ഡിയിൽ യു.ഡി.എസ്.എഫ് വിജയിക്കുന്നത്. വിവേകാനന്ദ കോളേജ് എസ്.എഫ്.ഐ നിലനിറുത്തി. എട്ട് ജനറൽ സീറ്റുകളിലും എസ്.എഫ്.ഐ സ്ഥാനാർത്ഥികൾ വിജയിച്ചു. എ.ബി.വി.പി തുടർച്ചയായി വിജയിച്ചിരുന്ന വിവേകാനന്ദയിൽ കഴിഞ്ഞ വർഷം നടന്ന തിരഞ്ഞെടുപ്പിൽ 22 വർഷത്തിന് ശേഷമാണ് എസ്.എഫ്.ഐ വിജയിച്ചത്. ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിൽ മുഴുവൻ സീറ്റുകളിലും എസ്.എഫ്.ഐ വിജയിച്ചു. ഒല്ലൂർ ഗവ. കോളേജ്, കുട്ടനെല്ലൂർ ഗവ.കോളേജ്, വടക്കാഞ്ചേരി ശ്രീവ്യാസ എൻ.എസ്.എസ്. കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, എൽത്തുരുത്ത് സെയ്ന്റ് അലോഷ്യസ് കോളേജ്, നാട്ടിക എസ്.എൻ. കോളേജ്, ശ്രീനാരായണഗുരു കോളേജ്, വലപ്പാട് ഐ.എച്ച്.ആർ.ഡി. കോളേജ്, മുളങ്കുന്നത്തുകാവ് കില കോളേജ്, കൊടുങ്ങല്ലൂർ അസ്മാബി കോളേജ്, തരണനെല്ലൂർ ആർട്‌സ് ആൻഡ് സയൻസ് കോളേജ്, എറിയാട് ഐ.എച്ച്.ആർ.ഡി, വഴുക്കുംപാറ എൻ.എൻ.ജി.സി, ചേലക്കര ആർട്‌സ് കോളേജ് എന്നിവിടങ്ങളിലും എസ്.എഫ്.ഐ വിജയിച്ചു. ചാലക്കുടി പനമ്പിള്ളി കോളേജിൽ മുഴുവൻ സീറ്റും എസ.്എഫ്.ഐ നേടി. തൃശൂർ ലോ കോളേജിൽ ചെയർമാൻ സ്ഥാനത്തേയ്ക്ക് കെ.എസ്.യു വിജയിച്ചു. വലപ്പാട് ഐ.എച്ച്.ആർ.ഡി കോളേജിൽ ഒമ്പത് സീറ്റിലും എസ്.എഫ്.ഐ സ്ഥാനാർഥികൾ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. നാട്ടിക എസ്.എൻ. കോളേജിൽ മത്സരം നടന്ന 20 സീറ്റിലും എസ്.എൻ. ഗുരു കോളേജിൽ 18ൽ 17സീറ്റിലും എസ്.എഫ്.ഐ നേടി. തൃശൂർ ലോ കോളേജിലും ചേലക്കര ആർട്‌സ് ആൻഡ് സയൻസ് കോളേജിലും വിജയത്തെ ചൊല്ലിയുണ്ടായ തർക്കം വിദ്യാർഥികൾ തമ്മിലുള്ള സംഘർഷത്തിലെത്തി. ചേലക്കര ഗവ.ആർട്‌സ് ആൻഡ്് സയൻസ് കോളേജിൽ മുഴുവന് സീറ്റിലും എസ്.എഫ്.ഐ വിജയിച്ചു. ഇക്കണോമിക്‌സ് അസോസിയേഷൻ സെക്രട്ടറി സ്ഥാനത്തിൽ വീണ്ടും വോട്ടെണ്ണാൻ ആവശ്യപ്പെട്ട് തർക്കം രൂക്ഷമായി. ഇതോടെ വോട്ടെണ്ണൽ നിറുത്തി. ജില്ലയിൽ സംഘടനാടിസ്ഥാനത്തിൽ മത്സരിച്ച 31 കോളേജുകളിൽ 29 ഇടങ്ങളിൽ എസ്.എഫ്.ഐ യൂണിയൻ സ്വന്തമാക്കിയതായി ജില്ലാ നേതാക്കൾ അവകാശപ്പെട്ടു.