കൂർക്കഞ്ചേരി ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താൻ നീക്കം: എസ്.എൻ.ബി.പി യോഗം
തൃശൂർ: കൂർക്കഞ്ചേരി ശ്രീമാഹേശ്വര ക്ഷേത്രത്തെ അപകീർത്തിപ്പെടുത്താനുള്ള നീക്കം നടത്തുന്നവരെ നിയമപരമായി നേരിടുമെന്ന് ക്ഷേത്രം ഭരണസമിതി പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ക്ഷേത്രത്തിലെ തിരുവാഭരണം 2022ൽ കൊള്ളയടിക്കപ്പെട്ടെന്ന് ആരോപിച്ചുള്ള ക്ഷേത്ര സംരക്ഷണ സമിതി പ്രസിഡന്റ് പി.എൻ.പ്രേംകുമാർ ഒരു സ്വകാര്യ ചാനലിൽ ആരോപണം ഉന്നയിച്ചാണ് വിവാദത്തിന് തിരികൊളുത്തിയിട്ടുള്ളതെന്നും ഇതിന്റെ അടിസ്ഥാനത്തിൽ പ്രേംകുമാറിനെതിരെ ജില്ലാ കളക്ടർ, റേഞ്ച് ഡി.ഐ.ജി, സിറ്റി പൊലീസ് കമ്മിഷണർ എന്നിവർക്ക് പരാതി നൽകാൻ ഇന്നലെ ചേർന്ന ഭരണസമിതി യോഗം തീരുമാനിച്ചതായും ക്ഷേത്ര സംരക്ഷണ സമിതിക്ക് ക്ഷേത്രവുമായി യാതൊരു ബന്ധവുമില്ലെന്നും എസ്.എൻ.ബി.പി യോഗം പ്രസിഡന്റ് സദാനന്ദൻ വാഴപ്പുള്ളിയും സെക്രട്ടറി മുകുന്ദൻ കുരുമ്പേപറമ്പിലും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ക്ഷേത്രത്തിലെ ഉപദേവനായ മുരുകന് ചാർത്താറുള്ള രണ്ട് പവൻ തൂക്കമുളള മാല 2022ൽ പൂയം കഴിഞ്ഞതിന് പിറകെ ലോക്കറിലേക്ക് മാറ്റാൻ വിട്ടുപോയതും ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടപ്പോൾ, മാല കാണാതായത് സംബന്ധിച്ച് ഈസ്റ്റ് പൊലീസിൽ പരാതി നൽകിയതും പൊതുയോഗത്തിൽ ചർച്ചയ്ക്ക് വയ്ക്കുകയും ഇതുപ്രകാരം അന്നത്തെ അഡ്മിനിസ്‌ട്രേറ്റും മേൽശാന്തിയും ചേർന്ന് അതേ തൂക്കമുള്ള മാല പണികഴിപ്പിച്ച് സമർപ്പിക്കാൻ നിർദ്ദേശിച്ചതുമൊക്കെ വസ്തുതയാണ്. എന്നിരിക്കെ അടിസ്ഥാനരഹിതമായ ആരോപണം ഉയർത്തി, അന്നത്തെ ഭരണസമിതിയെയും അതുവഴി ക്ഷേത്രത്തയും കളങ്കപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നും ഇവർ കൂട്ടിച്ചേർത്തു. അസി. സെക്രട്ടറി കെ.ആർ.മോഹനൻ, വൈസ് പ്രസിഡന്റ് അനൂപ് പാമ്പുംകാട്ടിൽ, ട്രഷറർ ഉന്മേഷ്, ഭരണ സമിതി അംഗങ്ങളും വാർത്താസമ്മേളനത്തിൽ പറഞ്ഞു.