ബി.ജെ.പി കളക്ടറേറ്റ് മാർച്ചിൽ സംഘർഷം

Friday 10 October 2025 1:48 AM IST

ആലപ്പുഴ: ശബരിമല സ്വർണക്കടത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ആലപ്പുഴ നോർത്ത്, സൗത്ത് ജില്ലാ കമ്മിറ്റികൾ സംയുക്തമായി നടത്തിയ കളക്ടറേറ്റ് മാർച്ചിൽ സംഘർഷം. പൊലീസ് ബാരിക്കേഡ് മറിച്ചിട്ട ശേഷം അതിൽ കയറി പ്രതിഷേധിച്ച പ്രവർത്തകരിൽ ചിലർ കളക്ടറേറ്റ് വളപ്പിനുള്ളിലേക്ക് ചാടിക്കടന്നു. ഇവർക്കുനേരെ പൊലീസ് ലാത്തിവീശി. പൊലീസുമായുണ്ടായ ഉന്തുംതള്ളിനുമിടെ ബി.ജെ.പി സൗത്ത് ജില്ലാ സെക്രട്ടറി രാജേന്ദ്രന് ദേഹാസ്വസ്ഥ്യമുണ്ടായി. ചാടിക്കടന്ന പ്രവർത്തകരെ പൊലീസ് വാഹനത്തിൽ കയറ്റിയെങ്കിലും മറ്റുപ്രവർത്തകർ ബലം പ്രയോഗിച്ച് ഇറക്കിക്കൊണ്ടുപോയി.

ജലപീരങ്കിയില്ലാത്തതിനാൽ പൊലീസിന് കാര്യമായി മാർച്ചിനെ പ്രതിരോധിക്കാനായില്ല. നഗരസഭാ ടൗൺഹാളിനു മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ മാർച്ചിൽ നൂറ് കണക്കിന് പ്രവർത്തകർ അണിനിരന്നു. ധർണ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറി പൂന്തുറ ശ്രീകുമാർ, എം.വി.ഗോപകുമാർ, ആലപ്പുഴ മേഖലാ അദ്ധ്യക്ഷൻ എൻ.ഹരി, സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി, നോർത്ത് ജില്ലാ പ്രസിഡന്റ് പി.കെ.ബിനോയ്, തുടങ്ങിയവർ സംസാരിച്ചു. ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറിമാരായ അരുൺ അനിരുദ്ധൻ, വിമൽ രവീന്ദ്രൻ, കെ.പി. പരീക്ഷിത്ത്, അഡ്വ.കെ.കെ.അനൂപ്, കൃഷ്ണദാസ് രാംദാസ്, അഭിലാഷ്, പി.കെ.വാസുദേവൻ, ജി.വിനോദ് കുമാർ, മധുസൂദനൻ, പാറയിൽ രാധാകൃഷ്ണൻ, മഠത്തിൽ ബിജു, പാലമാറ്റം വിജയകുമാർ തുടങ്ങിയവർ നേതൃത്വം നൽകി.