ശാന്തി പുലരും: ഗാസ വെടിനിറുത്തലിന് അംഗീകാരം, ട്രംപിന്റെ പദ്ധതിയുടെ ആദ്യഘട്ടം വിജയം
ടെൽ അവീവ്: രണ്ടുവർഷം നീണ്ട കൂട്ടക്കുരുതിക്ക് വിരാമം. ഗാസ യുദ്ധം അവസാനിക്കുന്നു. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യഘട്ടം അംഗീകരിച്ച് ഇസ്രയേലും ഹമാസും. അന്തിമ കരടിൽ ഇരുകൂട്ടരും ഒപ്പിട്ടു. തിങ്കളാഴ്ച ഈജിപ്റ്റിൽ തുടങ്ങിയ മാരത്തൺ ചർച്ച ഇന്നലെ പുലർച്ചെയാണ് ഫലം കണ്ടത്. ഇസ്രയേൽ ക്യാബിനറ്റിന്റെ അംഗീകാരം ലഭിച്ച് 24 മണിക്കൂറിനുള്ളിൽ ഗാസയിൽ വെടിനിറുത്തൽ പ്രാബല്യത്തിലാവും. ഇന്നലെ രാത്രി ക്യാബിനറ്റ് ചേർന്നു.
ഗാസയിലുള്ള 48 ബന്ദികളിൽ ജീവനോടെയുള്ള 20 പേരെ തിങ്കളാഴ്ച മോചിപ്പിക്കും. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ ഘട്ടംഘട്ടമായി വിട്ടുനൽകും.
2023 ഒക്ടോബർ 7ന് യുദ്ധം തുടങ്ങിയ ശേഷം രണ്ടുതവണ താത്കാലിക വെടിനിറുത്തലും ബന്ദി മോചനവുമുണ്ടായി. എന്നാലിപ്പോൾ, ശാശ്വത സമാധാനത്തിന് വഴിതുറന്നെന്ന് ട്രംപ് അവകാശപ്പെട്ടു.
അതേസമയം, ആയുധം ഉപേക്ഷിക്കാൻ ഹമാസ് തയ്യാറായാലേ പൂർണ പിന്മാറ്റമുള്ളൂവെന്നാണ് ഇസ്രയേൽ നിലപാട്. പാലസ്തീൻ രാഷ്ട്രം നിലവിൽ വരാതെ ആയുധം വിട്ടുകൊടുക്കില്ലെന്ന് ഹമാസും. ഇതും ഇസ്രയേലിന് സമ്മതമല്ല. യു.എസിന്റെയും അറബ് രാജ്യങ്ങളുടെയും മദ്ധ്യസ്ഥതയിൽ ചർച്ച തുടരും. ട്രംപ് രണ്ടുനാൾക്കകം ഈജിപ്റ്റിലെത്തും.
നടപടികൾ രണ്ടു ഘട്ടമായി
ആദ്യം
വെടിനിറുത്തൽ തുടങ്ങി 24 മണിക്കൂറിനകം ഇസ്രയേൽ സൈന്യം നിശ്ചിത അകലങ്ങളിലേക്ക് പിന്മാറും
നിലവിൽ ഗാസയുടെ 80 ശതമാനം ഇസ്രയേൽ നിയന്ത്രണത്തിൽ. പിന്മാറ്റത്തോടെ ഇത് 53 ശതമാനമാകും
ഇതിന് ശേഷം, 72 മണിക്കൂറിനകം ജീവനോടെയുള്ള ബന്ദികളെ ഹമാസ് വിട്ടുനൽകും
ഇസ്രയേൽ ജയിലുകളിൽ നിന്ന് ജീവപര്യന്തം തടവുകാർ ഉൾപ്പെടെ 1,950 പാലസ്തീനികളെ വിട്ടയയ്ക്കും
ഭക്ഷണവും മരുന്നും മറ്റ് അവശ്യവസ്തുക്കളുമായി ഗാസയിലേക്ക് പ്രതിദിനം 400- 600 ട്രക്കുകളെത്തും
രണ്ടാംഘട്ടം
ട്രംപിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന അന്താരാഷ്ട്ര സമാധാന ബോർഡിന് ഗാസയുടെ ഭാവി നടപടികളുടെ മേൽനോട്ടം
ഒരു പാലസ്തീൻ കമ്മിറ്റിക്ക് ഗാസയുടെ താത്കാലിക ഭരണം നൽകുമെന്നും തുടർന്ന് പരിഷ്കരിച്ച പാലസ്തീനിയൻ അതോറിട്ടിക്ക് കൈമാറുമെന്നും ട്രംപ്. സമ്മതം മൂളാതെ നെതന്യാഹു
അറബ്/ മുസ്ലിം രാജ്യങ്ങളുടെ പിന്തുണയുള്ള പാലസ്തീൻ സർക്കാരിന് അധികാര കൈമാറ്റത്തിന് ഹമാസ് തയ്യാറെങ്കിലും ഗാസയിൽ ഇടപെടാൻ പാടില്ലെന്ന വ്യവസ്ഥ അംഗീകരിച്ചിട്ടില്ല
ഇത് മഹത്തായ ദിനം. നമ്മുടെ പ്രിയപ്പെട്ടവരെ തിരിച്ചെത്തിക്കും
- ബെഞ്ചമിൻ നെതന്യാഹു,
ഇസ്രയേൽ പ്രധാനമന്ത്രി
ഗാസയെ പുനർനിർമ്മിക്കും. അവിടം സുരക്ഷിതമാക്കി മാറ്റും
- ഡൊണാൾഡ് ട്രംപ്,
യു.എസ് പ്രസിഡന്റ്
സ്വാതന്ത്ര്യവും സ്വയം നിർണ്ണയാവകാശവും നേടിയെടുക്കും
- ഹമാസ്
കൂട്ടക്കുരുതി
ഗാസ
67,194
(ഇന്നലെ വരെ)
ഇസ്രയേൽ
1,195
(2023 ഒക്ടോബർ 7ന്)
ഇസ്രയേലി സൈനികർ
466