സാഹിത്യ നോബൽ ഹംഗേറിയൻ സാഹിത്യകാരൻ ലാസ്‌ലോയ്ക്ക്
സ്റ്റോക്‌ഹോം: ഈ വർഷത്തെ സാഹിത്യ നോബൽ പുരസ്കാരം ഹംഗേറിയൻ നോവലിസ്റ്റും തിരക്കഥാകൃത്തുമായ ലാസ്‌ലോ ക്രാസ്‌നഹോർകൈയ്ക്ക്. ദുരന്തത്തിന്റെ, ഭീകരതയുടെ നടുവിൽ കലയുടെ ശക്തിയെ ഉറപ്പിക്കുന്നതാണ് അദ്ദേഹത്തിന്റെ ആകർഷകവും ദർശനാത്മകവുമായ സൃഷ്ടികളെന്ന് പുരസ്കാരം പ്രഖ്യാപിച്ച റോയൽ സ്വീഡിഷ് അക്കാഡമി പറഞ്ഞു. 11 മില്യൺ സ്വീഡിഷ് ക്രോണറാണ് (10,38,50,000 രൂപയിലേറെ) പുരസ്കാര തുക.
ഉത്കണ്ഠ, അരക്ഷിതാവസ്ഥ, വിഷാദം തുടങ്ങിയ തീമുകളിലുള്ള സങ്കീർണവും വെല്ലുവിളികൾ നിറഞ്ഞതുമായ പോസ്റ്റ് മോഡേൺ സാഹിത്യ നോവലുകളാണ് ലാസ്‌ലോയുടെ പ്രത്യേകത. 1985ലാണ് ലാസ്‌ലോയുടെ ആദ്യ നോവലായ 'സാത്താൻടാൻഗോ" പുറത്തിറങ്ങിയത്.
പുസ്തകം 2012ൽ ബ്രിട്ടീഷ് എഴുത്തുകാരൻ ജോർജ് സിയാർറ്റെഷ് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി. അദ്ദേഹത്തിന്റെ 'ദ മെലൻകൊലി ഒഫ് റെസിസ്റ്റൻസ്" എന്ന നോവലടക്കം ശ്രദ്ധനേടിയിരുന്നു.
1954 ജനുവരി 5ന് ഹംഗറിയിലെ ഗ്യുലയിൽ ഇടത്തരം ജൂത കുടുംബത്തിലാണ് 71കാരനായ ലാസ്‌ലോയുടെ ജനനം. ഇന്റർനാഷണൽ ബുക്കർ പുരസ്കാരം (2015) നേടിയ ആദ്യ ഹംഗേറിയൻ എഴുത്തുകാരനാണ്. സാഹിത്യ നോബൽ നേടുന്ന രണ്ടാമത്തെ ഹംഗറിക്കാരനാണ്. 2002ൽ ഇമ്രെ കെർറ്റെസാണ് ഇതിനു മുമ്പ് നേടിയത്.