അണമുഖം വാർഡിലെ ഹരിതകർമ്മ സേനയിലെ അഴിമതി ചൂണ്ടിക്കാട്ടി അംഗങ്ങളെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന്
തിരുവനന്തപുരം: ഹരിതകർമ്മസേന അക്കൗണ്ടിൽ നടക്കുന്ന അഴിമതി ചൂണ്ടിക്കാട്ടിയതിനെ തുടർന്ന്, അംഗങ്ങളെ ജോലി ചെയ്യാൻ അനുവദിക്കുന്നില്ലെന്ന് പരാതി. അണമുഖം ഹരിതകർമ്മ സേനയിലെ അഞ്ച് അംഗങ്ങളാണ് പരാതിയുമായി രംഗത്തെത്തിയത്. 10പേരടങ്ങുന്ന ഹരിതകർമ്മ സേനയാണ് വാർഡിലുള്ളത്.ഇതിൽ നിലവിൽ ചുമതലയുള്ള അശ്വതി എന്ന അംഗം ഉൾപ്പെടെ 5 പേരാണ് പരാതിയുമായി രംഗത്തെത്തിയത്.
സേനാംഗങ്ങൾ വീടുകളിൽ നിന്ന് ശേഖരിക്കുന്ന യൂസർഫീയടക്കം ഒറ്റ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുന്നത്. ഓരോ മാസവും കണക്കുകൾ എല്ലാം കൃത്യമായി രേഖപ്പെടുത്തിയാലേ ഇവർക്ക് അതിൽനിന്ന് ശമ്പളമെടുക്കാൻ സാധിക്കൂ. എന്നാൽ കഴിഞ്ഞ മാസങ്ങളിൽ ഇത് മുടങ്ങി. കണക്കുകൾ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ല. ശമ്പളം ലഭിക്കാതെവന്നപ്പോൾ അംഗങ്ങൾ ചോദ്യമുന്നയിച്ചു.2024 മാർച്ച് മുതൽ ക്രമക്കേട് നടന്നെന്നാണ് അംഗങ്ങൾ ആക്ഷേപം ഉന്നയിച്ചത്. മുൻ സെക്രട്ടറി,വാർഡിലെ മുൻ ജെ.എച്ച്.ഐ എന്നിവർക്കെതിരെയാണ് അംഗങ്ങൾ ആക്ഷേപമുന്നയിക്കുന്നത്.
നേരത്തെ പുന്നയ്ക്കാമുഗൾ വാർഡിലെ ഹരിതകർമ്മ സേനയിൽ പ്രസിഡന്റിന്റെ നേതൃത്വത്തിൽ പണം ക്രമക്കേട് നടത്തിയ സംഭവം വലിയ വിവാദമായിരുന്നു.
പരാതി സ്വീകരിക്കാതെ നഗരസഭ
മുൻ സെക്രട്ടറി,വാർഡിലെ മുൻ ജെ.എച്ച്.ഐ എന്നിവർ ക്രമക്കേട് നടത്തിയെന്ന് ചൂണ്ടിക്കാട്ടി ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷയ്ക്ക് പരാതി നൽകിയെങ്കിലും പരിഹാരമായില്ല. ഇടത് അനുകൂല സംഘടനയുടെ ഭാഗമായതുകൊണ്ട് ഉദ്യോഗസ്ഥ,മുൻ സെക്രട്ടറിക്കെതിരെ നടപടി സ്വീകരിച്ചില്ല.
കടുത്ത ജാതി അധിക്ഷേപം നേരിടുന്നു
ക്രമക്കേട് ചൂണ്ടിക്കാട്ടിയതുകൊണ്ട് കടുത്ത ജാതി അധിക്ഷേപമാണ് നേരിടുന്നതെന്ന് സേനാംഗം അശ്വതി പറഞ്ഞു.പിന്നാക്ക ജാതിയിലായതുകൊണ്ട് ജാതിപ്പേരും,അസഭ്യവും ദിവസേന ജെ.എച്ച്.ഐ ഉൾപ്പെടെ നടത്താറുണ്ട്. പുറത്തുപറഞ്ഞാൽ ജോലി നഷ്ടപ്പെടുത്തുമെന്ന ഭീതിയാണെന്നും അവർ പറയുന്നു.