ഷൂ എറിയൽ ശ്രമം ഞെട്ടിച്ചു; മറന്ന അദ്ധ്യായമെന്ന് ചീഫ് ജസ്റ്റിസ്
ന്യൂഡൽഹി: ഷൂ എറിയാൻ അഭിഭാഷകൻ ശ്രമിച്ചത് ഞെട്ടിച്ചെന്നും ഇപ്പോഴത് മറന്ന അദ്ധ്യായമെന്നും സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ്. തിങ്കളാഴ്ച തുറന്ന കോടതിമുറിയിൽ നടന്ന സംഭവത്തിൽ ഇന്നലെയാണ് ഗവായ് ആദ്യമായി പ്രതികരിച്ചത്. അന്ന് ബെഞ്ചിൽ ഒപ്പമുണ്ടായിരുന്ന ജസ്റ്റിസ് കെ.വിനോദ് ചന്ദ്രനും ഞെട്ടിയെന്ന് ഗവായ് കൂട്ടിച്ചേർത്തു. കോടതി നടപടികൾ നടക്കുന്നതിനിടെയായിരുന്നു പരാമർശം. എന്നാൽ, തമാശക്കാര്യമല്ലെന്നും മറക്കാൻ പാടില്ലെന്നും ഇന്നലെ ചീഫ് ജസ്റ്രിസിനൊപ്പം ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസ് ഉജ്ജൽ ഭുയാൻ ഉറച്ചസ്വരത്തിൽ പറഞ്ഞു. അക്രമം നടത്തിയ ആൾക്ക് പശ്ചാത്താപമില്ല. ഇത് പരമോന്നത കോടതിയോടുള്ള അപമാനമാണെന്നും വ്യക്തമാക്കി. പ്രവൃത്തി മാപ്പർഹിക്കാത്തതെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു.
പുറത്താക്കി,
കേസും
അതിക്രമം കാട്ടിയ അഡ്വ. രാകേഷ് കിഷോറിനെ സുപ്രീംകോടതി ബാർ അസോസിയേഷൻ അംഗത്വത്തിൽ നിന്ന് പുറത്താക്കി. അസോസിയേഷൻ ഒറ്റക്കെട്ടായി പ്രമേയം പാസാക്കുകയായിരുന്നു. ഇതിനിടെ, ബംഗളൂരുവിൽ ഓൾ ഇന്ത്യ അഡ്വക്കേറ്റ്സ് അസോസിയേഷന്റെ പരാതിയിൽ അഭിഭാഷകനെതിരെ ക്രിമിനൽ കേസെടുത്തു. ചീഫ് ജസ്റ്റിസിനെ അപമാനിക്കുന്ന വിധത്തിൽ സാമൂഹിക മാദ്ധ്യമങ്ങളിൽ വീഡിയോകളും മറ്റും പോസ്റ്റ് ചെയ്യുന്നവർക്കെതിരെ വിവിധ സംസ്ഥാനങ്ങളിൽ നടപടി തുടങ്ങി. പഞ്ചാബിലും നവി മുംബയിലും എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്‌തു.