യു.കെയിലെ 9 യൂണിവേഴ്സിറ്റി ക്യാമ്പസുകൾ ഇന്ത്യയിലേക്ക്, സൗഹൃദം ശക്തമെന്ന് മോദി
# ഇന്ത്യയെ പ്രകീർത്തിച്ച് സ്റ്റാമർ
ന്യൂഡൽഹി: യു.കെയിലെ ഒൻപത് സർവകലാശാലകൾ ഇന്ത്യയിൽ ക്യാമ്പസ് തുടങ്ങുമെന്ന് യു.കെ പ്രധാനമന്ത്രി കിയ സ്റ്റാമറുമായി മുംബയിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഹരിയാനയിലെ ഗുരുഗ്രാമിൽ സതാംപ്ടൺ ക്യാമ്പസ് പ്രവർത്തനം തുടങ്ങി. ആദ്യ ബാച്ച് വിദ്യാർത്ഥികൾ പ്രവേശനം നേടി. ബ്രിസ്റ്റോൾ ക്യാമ്പസ് 2026ൽ മുംബയിൽ ആരംഭിക്കും. പ്രഥമ ഇന്ത്യാ സന്ദർശനത്തിനായി ബുധനാഴ്ചയാണ് കിയ സ്റ്റാമർ ഡൽഹിയിലെത്തിയത്. സ്വതന്ത്ര വ്യാപാര കരാർ യാഥാർത്ഥ്യമായതിന് പിന്നാലെയുള്ള സ്റ്റാമറിന്റെ സന്ദർശനം ഇന്ത്യ-യു.കെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം സംയുക്ത വാർത്താസമ്മേളനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ സാമ്പത്തികവളർച്ചയെ പ്രകീർത്തിച്ച സ്റ്റാമർ, ഇന്ത്യ- യു.കെസൗഹൃദം ശക്തമായെന്നും പറഞ്ഞു. കാലാവസ്ഥാ മേഖലയിലെ സ്റ്റാർട്ടപ്പുകൾക്ക് സംയുക്ത നിധി രൂപീകരിക്കാൻ തീരുമാനമായി. ഇന്ത്യ-യു.കെ കണക്റ്റിവിറ്റി ആൻഡ് ഇന്നൊവേഷൻ സെന്ററും എ.ഐക്കായുള്ള സംയുക്ത കേന്ദ്രവും സ്ഥാപിക്കും.
ജൂലായിൽ മോദിയുടെ യു.കെ സന്ദർശനത്തിൽ അംഗീകരിച്ച ഇന്ത്യ-യു.കെ വിഷൻ 2035 റോഡ്മാപ്പ് പ്രകാരം വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, പ്രതിരോധം, സുരക്ഷ, കാലാവസ്ഥ, ഊർജ്ജം, ആരോഗ്യം, വിദ്യാഭ്യാസം, ജനങ്ങൾ തമ്മിലുള്ള ബന്ധം എന്നീ മേഖലകളിൽ സമഗ്രമായ പങ്കാളിത്തമാണ് ലക്ഷ്യമിടുന്നത്.
ഇന്ത്യയിൽ വരുന്ന
സർവകലാശാലകൾ
- സതാംപ്ടൺ -ഗുരുഗ്രാമിൽ (തുടങ്ങി)
- ലിവർപൂൾ - ബെംഗളൂരു
- യോർക്ക് - മുംബയ്
- അബെർഡീൻ - മുംബയ്
- ബ്രിസ്‌റ്റോൾ - മുംബയ്
- ലങ്കാസ്റ്റർ - ബെംഗളൂരു
- ക്യൂൻസ് - ഗിഫ്റ്റ് സിറ്റി (ഗുജറാത്ത് ഇന്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റി)
- കവൻട്രി - ഗിഫ്റ്റ് സിറ്റി
- സർറേ - ഗിഫ്റ്റ് സിറ്റി