ബീഹാർ വോട്ടർപട്ടിക : 'സീറോ' നമ്പറിൽ നാലു ലക്ഷത്തിലധികം വീടുകൾ

Friday 10 October 2025 1:01 AM IST

ന്യൂഡൽഹി: ബീഹാറിൽ നടന്നത് ഇന്ത്യയുടെ ചരിത്രത്തിലുണ്ടാകാത്ത വോട്ടർ ഒഴിവാക്കലെന്ന് ആക്‌ടിവിസ്റ്റ് യോഗേന്ദ്ര യാദവ് സുപ്രീംകോടതിയെ അറിയിച്ചു. തീവ്ര വോട്ട‌ർ പട്ടിക പുതുക്കൽ നടപടികളിലൂടെ 47 ലക്ഷം വോട്ടർമാരെ ഒഴിവാക്കിയതിനൊപ്പം ഒരേ വീട്ടിലെ മേൽവിലാസത്തിൽ അമിതമായി വോട്ടർമാർ പട്ടികയിൽ ഇടംപിടിക്കുകയും ചെയ്തു 'സീറോ' നമ്പറിൽ 421,000ൽപ്പരം വീടുകൾ അന്തിമ വോട്ടർപട്ടികയിൽ ഇടംപിടിച്ചു. 45000ൽപ്പരം ദുരൂഹ വോട്ടർമാരും, 5.2 ലക്ഷം പേരുകളിൽ ഇരട്ടിപ്പുമുണ്ട്. 21 ലക്ഷം വീടുകളിൽ വലിയതോതിലാണ് വോട്ട‌ർമാരുടെ എണ്ണം. നൂറും അതിലധികവും വോട്ടർമാരുള്ള നാലു ലക്ഷം വീടുകളുണ്ട്. ഹൗസ് നമ്പർ 6 എന്ന വീട്ടിൽ 800ൽ അധികമാണ് വോട്ട‌ർമാർ. 100ഉം 124ഉം വയസുള്ള നിരവധി പേർ പട്ടികയിലുണ്ടെന്നും അറിയിച്ചു. എന്നാൽ, ഒഴിവാക്കിയതിനോ, കൂട്ടിച്ചേർത്തതിനോ ഉത്തരവിറക്കാൻ ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ്‌മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് വിസമ്മതിച്ചു. തീവ്ര വോട്ടർ പട്ടിക പുതുക്കൽ നടപടിക്കെതിരെ 'ഇന്ത്യ' മുന്നണിയിലെ രാഷ്ട്രീയ പാർട്ടികളും, സന്നദ്ധ സംഘടനകളും അടക്കം സമർപ്പിച്ച ഹർജികളാണ് പരിഗണിക്കുന്നത്.

അപ്പീൽ സമർപ്പിക്കാൻ

അവസരമുണ്ടാകണം

ഒഴിവാക്കപ്പെട്ട 3.7 ലക്ഷം പേർക്ക് തിരഞ്ഞെടുപ്പ് കമ്മിഷന് മുന്നിൽ അപ്പീൽ സമർപ്പിക്കാൻ അവസരമുണ്ടാകണമെന്ന് കോടതി നിലപാടെടുത്തു. ബീഹാർ സ്റ്റേറ്ര് ലീഗൽ സ‌ർവീസ് അതോറിട്ടിയുടെ പാരാ ലീഗൽ വോളന്റിയർമാർ അവരെ സഹായിക്കാൻ മുന്നിട്ടിറങ്ങണം. എന്തുകൊണ്ട് ഒഴിവാക്കിയെന്ന് രേഖാമൂലം കമ്മിഷൻ വോട്ടർമാരെ അറിയിക്കണം. ഒറ്റവരി നിഗൂഢ ഉത്തരവായിരിക്കരുത്. അപ്പീലുകളിൽ കമ്മിഷൻ സ്വീകരിക്കുന്ന നടപടി പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഒക്ടോബർ 16ന് വിശദമായ വാദം കേൾക്കും.