എല്ലാ കുടുംബങ്ങളിലും സർക്കാർ ജോലി: തേജസ്വി
ന്യൂഡൽഹി: ബീഹാറിൽ മഹാമുന്നണി അധികാരത്തിൽ വന്നാൽ എല്ലാ കുടുംബത്തിലും ഒരാൾക്ക് വീതം സർക്കാർ ജോലി നൽകുമെന്ന് ആർ.ജെ.ഡി നേതാവും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ തേജസ്വി യാദവ്. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനുള്ളിൽ ഇതിനായുള്ള നിയമനിർമ്മാണം കൊണ്ടുവരുമെന്നും ഉറപ്പുനൽകി. ബീഹാറിൽ ജോലിയില്ലാത്ത ഒരു വീടുമുണ്ടാകില്ല-പാട്നയിൽ അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ചരിത്ര പ്രഖ്യാപനം നടത്താൻ പോകുന്നുവെന്ന ആമുഖത്തോടെയായിരുന്നു പാട്നയിൽ തേജസ്വിയുടെ പത്രസമ്മേളനം തുടങ്ങിയത്. 20 മാസത്തിനുള്ളിൽ, സർക്കാർ ജോലിയില്ലാത്ത ഒരു വീടും ബീഹാറിൽ ഉണ്ടാകില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും-തേജസ്വി പറഞ്ഞു.
തങ്ങൾ ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വാഗ്ദാനമെന്നും തേജസ്വി കൂട്ടിച്ചേർത്തു. ഇത് എന്റെ പ്രതിജ്ഞയാണ്. ഇത് ചെയ്യാൻ കഴിയും. വെറും വാക്കല്ല. കഴിഞ്ഞ തവണയും ജോലി വാഗ്‌ദാനം നൽകിയത് അദ്ദേഹം ഒാർമ്മിപ്പിച്ചു. താൻ ഉപമുഖ്യമന്ത്രിയായിരുന്ന കുറച്ചുകാലം ബിഹാറിൽ അഞ്ചു ലക്ഷം തൊഴിലുകൾ നൽകി.
ബീഹാറിലെ ജനങ്ങൾ ഇത്തവണ മാറ്റം ആഗ്രഹിക്കുന്നു. സാമൂഹിക നീതിക്ക് പുറമേ, ബീഹാറിലെ ജനങ്ങൾക്ക് സാമ്പത്തിക നീതിയും ഞങ്ങൾ ഉറപ്പാക്കും. ഇത് ചെയ്യാൻ കഴിയും; അതിന് ഇച്ഛാശക്തി ആവശ്യമാണ്. എൻ.ഡി.എ ങ്ങളുടെ പ്രഖ്യാപനങ്ങൾ പകർത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ബിഹാറിനെ എങ്ങനെ മുന്നോട്ട് നയിക്കുമെന്ന് പലരും ചോദിച്ചു. തൊഴിലില്ലായ്മയാണ് ഏറ്റവും വലിയ പ്രശ്‌നമെന്ന് ഇപ്പോഴത്തെ സർക്കാർ ഒരിക്കലും മനസ്സിലാക്കിയില്ല. എൻ.ഡി.എ കക്ഷികളായ ജെ.ഡി.യുവും ബി.ജെപിയും ജോലിയല്ല, തൊഴിലില്ലായ്മ വേതനമാണ് വാഗ്ദാനം ചെയ്യുന്നത്.