പാകിസ്ഥാനെ 'നിറുത്തിപൊരിച്ച്' വ്യോമസേന, റാവൽപിണ്ടി ചിക്കൻ ടിക്ക മുതൽ മുരിദ്‌കെ മീഠാ പാൻ വരെ

Friday 10 October 2025 1:04 AM IST

ന്യൂഡൽഹി: റാവൽപിണ്ടി ചിക്കൻ ടിക്ക മസാല, ഭോലാരി പനീർ മേത്തി മലായ്,​ മുസാഫറാബാദ് കുൽഫി ഫലൂദ,​ മുരിദ്‌കെ മീഠാ പാൻ...

ഇന്ത്യൻ വ്യോമസേനയുടെ 93-ാം വാർഷികാഘോഷത്തിന്റെ ഭാഗമായി നടന്ന അത്താഴവിരുന്നിന്റെ മെനുവാണ് ഇപ്പോൾ വൈറൽ. ഓപ്പറേഷൻ സിന്ദൂറിൽ തകർത്ത പാക് വ്യോമതാവളങ്ങളുടെ പേരുകളാണ് വിഭവങ്ങൾക്ക് നൽകിയത്. പകരംവയ്ക്കാനില്ലാത്തതും പ്രതിരോധിക്കാനാവാത്തതും കൃത്യതയുള്ളതും എന്ന വിശേഷണത്തോടെയാണ് മെനു പുറത്തിറക്കിയത്.വിരുന്നിൽ പങ്കെടുത്ത അതിഥികളിലാരോ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച ഈ ട്രോൾ മെനു വൈറലാകുകയായിരുന്നു. രാജ്യത്തിനു നേരെയുള്ള ഒരു വെല്ലുവിളിയും വച്ചുപൊറുപ്പിക്കില്ലെന്നും പാകിസ്ഥാനുള്ള കൃത്യമായ ഓർമ്മപ്പടുത്തലാണിതെന്നും ആളുകൾ പ്രതികരിച്ചു.

മറ്റ് വിഭവങ്ങൾ

റഫീക്കി റാരാ മട്ടൺ സുക്കൂർ ഷാം സവേര കോഫ്ത സർഗോദ ദാൽ മഖനി ജേക്കബാബാദ് മേവ പുലാവ് ബഹവൽകോട്ട് നാൻ ബാലാക്കോട്ട് ടിരാമിസു