അനിശ്ചിതത്വം ഒഴിയാതെ ഗാസ
ട്രംപ് വലിയൊരു വിജയമായാണ് ഉയർത്തിക്കാട്ടുന്നതെങ്കിലും
ഹമാസിനും ഇസ്രയേലിനും അതൃപ്തിയുണ്ട്. മുൻ
ഇന്ത്യൻ അംബാസഡർ ഡോ.ടി.പി ശ്രീനിവാസൻ എഴുതുന്നു
സമാധാനത്തിനുള്ള നോബൽ പ്രഖ്യാപിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഗാസയിൽ സമാധാനത്തിന്റെ ആദ്യ പടികൾ ഒരുങ്ങിക്കഴിഞ്ഞു. ഇസ്രയേൽ തടവുകാരെ മോചിപ്പിക്കുകയും ഗാസയ്ക്കകത്ത് തന്നെ നേരത്തെ തീരുമാനിച്ചിരുന്ന സ്ഥാനത്തേക്ക് പിൻമാറുകയും ചെയ്യും. ഇത് രണ്ടുമാണ് യഥാർത്ഥത്തിൽ സംഭവിച്ചിരിക്കുന്നത്. ഗാസ വെടിനിറുത്തൽ പ്രാബല്യത്തിൽ വരികയാണ്. യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തന്റെ മദ്ധ്യസ്ഥതയിൽ നടന്ന ഈ സംഭവവികാസങ്ങളെ
ഒരു വിജയമായാണ് കണക്കാക്കുന്നത്. ഞായറാഴ്ച ട്രംപ് ഇസ്രയേൽ സന്ദർശിക്കുന്നുണ്ട്. നിലവിലെ സാഹചര്യം ഇസ്രയേലിന് ഒരു വീഴ്ചയായതിനാൽ ഇസ്രയേൽ പാർലമെന്റിനെയും ട്രംപ് അഭിസംബോധന ചെയ്യും. ഗാസ വംശഹത്യയെ തുടർന്ന് ഇസ്രയേലിന്റെ പേരും പെരുമയും ലോകത്തിന് മുന്നിൽ കളങ്കപ്പെട്ടു. വംശഹത്യയ്ക്കെതിരെ ഇന്റർനാഷണൽ കോർട്ട് ഒഫ് ജസ്റ്റിസിലും ക്രിമിനൽ കോർട്ടിലുമുൾപ്പെടെ നിരവധി കേസുകൾ അവശേഷിക്കുകയാണ്. ഇതിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു കുറ്റക്കാരനാണെന്ന് കണ്ടെത്തിയിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും നരഹത്യയ്ക്ക് അദ്ദേഹം അറസ്റ്റ് ചെയ്യപ്പെടാം. അത് അദ്ദേഹത്തിന്റെ ഭാവിയെയും ബാധിച്ചേക്കും. അതുകാരണമാണ് വിഷയം വേഗത്തിൽ തീർക്കണമെന്ന് ട്രംപും നിശ്ചയിച്ചത്. അതേസമയം ധാരാളം ചോദ്യങ്ങൾ ഇപ്പോഴും അവശേഷിക്കുന്നു. യുദ്ധവിരാമം ഉണ്ടായാലും വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെടാനുള്ള സാഹചര്യമുണ്ട്. ഹമാസിനും ഇസ്രയേലിനും പരാജയബോധമുണ്ട്. ട്രംപ് ഇതിനെ വലിയൊരു വിജയമായാണ് ഉയർത്തിക്കാട്ടുന്നതെങ്കിലും രണ്ടു കൂട്ടർക്കും അതൃപ്തിയുണ്ട്. ഇതെല്ലാം കൊണ്ട് തത്കാലം വെടിനിറുത്തൽ നടന്നാലും നിയമപരവും രാഷ്ട്രീയപരവുമായ സംഘർഷങ്ങൾ ഗാസയുടെ മണ്ണിൽ അവശേഷിക്കും. വെസ്റ്റ് ബാങ്കിലെ അടിച്ചമർത്തപ്പെട്ട പാലസ്തീനികളുടെ ഭാവി എന്താകുമെന്നതിലുൾപ്പെടെ അനിശ്ചിതത്വമുണ്ട്. ആരാകും പീസ് കീപ്പിംഗ് ഫോഴ്സ് എന്നതിലും വ്യക്തതയില്ല. ഐക്യരാഷ്ട്ര സംഘടനയാകാൻ സാദ്ധ്യതയില്ല. പുതിയ സംഭവവികാസങ്ങൾ ഉടലെടുക്കുമ്പോൾ ഇത്തരത്തിലുള്ള അനിശ്ചിതത്വങ്ങളെയും കൂടി കണക്കിലെടുക്കണം.
കാര്യം നോബൽ നേട്ടത്തിലല്ല
റഷ്യ-യുക്രെയിൻ യുദ്ധത്തിലാണ് ട്രംപ് ആദ്യം ശ്രദ്ധ കേന്ദ്രീകരിച്ചത്. അത് വിജയിക്കുന്നില്ലെന്ന് കണ്ടപ്പോഴാണ് ഇസ്രേയേലിനെ കൊണ്ട് യുദ്ധം അവസാനിപ്പിക്കാമെന്ന ദൗത്യം സ്വയം ഏറ്റെടുത്തത്. റഷ്യ- യുക്രെയിൻ പ്രശ്നം അവസാനിക്കാത്തതിന് പകരമായാണ് ഗാസയിൽ സമാധാനം സ്ഥാപിച്ചുവെന്ന് അദ്ദേഹം ലോകത്തോട് വിളിച്ചുപറയുന്നത്. ട്രംപിന് നോബൽ ലഭിക്കുമോ ഇല്ലയോ എന്നുള്ളതിലല്ല കാര്യം. നൂറ്റാണ്ടുകളായി ലോകമുറ്റുനോക്കുന്ന സംഘർഷം കൈകാര്യം ചെയ്തതിലൂടെ ലോകത്തിന്റെ മുന്നിൽ അദ്ദേഹത്തിന് വലിയൊരു സ്ഥാനം ലഭിച്ചിട്ടുണ്ട്.