കുറിപ്പ്, രഹസ്യം, ട്രൂത്ത് സോഷ്യൽ....

Friday 10 October 2025 6:39 AM IST

വാഷിംഗ്ടൺ: ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ വൈറ്റ് ഹൗസിൽ ആഭ്യന്തര സുരക്ഷയുമായി ബന്ധപ്പെട്ട പത്രസമ്മേളനത്തിൽ പങ്കെടുക്കുകയായിരുന്നു യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇതിനിടെ റൂമിലേക്ക് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ തിടുക്കത്തിൽ എത്തി. തന്റെ ഇരിപ്പിടത്തിൽ ഇരുന്ന അദ്ദേഹം വൈകാതെ ഒരു കുറിപ്പ് എഴുതിയ കടലാസ് ട്രംപിന് കൈമാറി. ആകെ അക്ഷമനായിരുന്നു റൂബിയോ. ട്രംപിന്റെ അരികിലെത്തി അദ്ദേഹത്തിന്റെ ചെവിയിൽ രഹസ്യവും പറഞ്ഞു.

'നമ്മൾ മിഡിൽ ഈസ്റ്റിലെ കരാറിന് വളരെ അടുത്തെത്തി" മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയ ട്രംപ് തനിക്ക് മിഡിൽ ഈസ്റ്റിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനുണ്ടെന്നും പറഞ്ഞു. ഏകദേശം രണ്ട് മണിക്കൂറിന് ശേഷം ട്രംപ് റൂമിൽ നിന്ന് പുറത്തുപോവുകയും 10 മിനിറ്റിനുള്ളിൽ സമാധാന പദ്ധതിയുടെ ആദ്യ ഘട്ടം ഇസ്രയേലും ഹമാസും അംഗീകരിച്ചെന്ന് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലൂടെ അറിയിക്കുകയും ചെയ്തു.

 ക്രെഡിറ്റ് ഫസ്റ്റ് !

ശരിക്കും റൂബിയോ നൽകിയ കുറിപ്പിൽ എന്തായിരുന്നു. ആദ്യ ഘട്ടം അംഗീകരിച്ചെന്ന വിവരമായിരുന്നോ. അല്ല.

' വളരെ അടുത്തെത്തി. ഉടൻ തന്നെ ട്രൂത്ത് സോഷ്യൽ പോസ്​റ്റിന് അംഗീകാരം നൽകണം. അപ്പോൾ ഡീൽ ആദ്യം താങ്കൾക്ക് പ്രഖ്യാപിക്കാം"! ഒരു അന്താരാഷ്ട്ര വാർത്താ ഏജൻസിയുടെ ഫോട്ടോഗ്രാഫർ റൂബിയോ എഴുതിയ കുറിപ്പ് സൂം ചെയ്തെടുക്കുകയായിരുന്നു. ഏതായാലും വെടിനിറുത്തലിന്റെ ക്രെഡിറ്റ് ആദ്യം തന്നെ ട്രംപ് ഉറപ്പാക്കി.