ആശാവർക്കർക്ക് പൊള്ളലേറ്റ സംഭവം; അയൽവാസിയായ പൊലീസുകാരന്റെ ഭാര്യയ്ക്കെതിരെ കേസെടുത്തു
പത്തനംതിട്ട: ആശാവർക്കർക്ക് പൊള്ളലേറ്റ സംഭവത്തിൽ അയൽവാസിയായ പൊലീസുകാരന്റെ ഭാര്യയ്ക്കെതിരെ കേസെടുത്തു. മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ ആശാവർക്കറായ ലതാകുമാരി (61)ക്കാണ് പൊള്ളലേറ്റത്. ഇന്നലെയാണ് ലതാകുമാരിയുടെ വീടിന് തീപിടിച്ചത്.
മോഷണശ്രമം തടുക്കുന്നതിനിടെയാണ് തനിക്ക് പൊള്ളലേറ്റതെന്ന് ലതാകുമാരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. സമീപത്തെ ക്വാട്ടേഴ്സിൽ താമസിക്കുന്ന പൊലീസുകാരന്റെ ഭാര്യ സുമയ്യയാണ് വീട്ടിൽ അതിക്രമിച്ചുകയറി തീകൊളുത്തിയതെന്നാണ് മൊഴി.
സുമയ്യ തന്നോട് സ്വർണാഭരണങ്ങൾ ചോദിച്ചിരുന്നു. അത് കൊടുക്കാത്തതിലുള്ള പകയാണ് അതിക്രമത്തിന് പിന്നിലെന്നും ലതാകുമാരി വ്യക്തമാക്കി. തന്നെ കെട്ടിയിട്ട ശേഷം സുമയ്യ ആഭരണങ്ങൾ കവർന്നെന്നും പരാതിയിലുണ്ട്. ഇതിനിടയിലാണ് പൊള്ളലേറ്റത്. മാലയും, വളയുമാണ് മോഷണം പോയത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. ഫോറൻസിക് സംഘം ലതാകുമാരിയുടെ വീട് പരിശോധിക്കും.