'ലിവ് ഇൻ റിലേഷൻഷിപ്പുകളിൽ നിന്ന് പെൺകുട്ടികൾ മാറിനിൽക്കണം, ഇല്ലെങ്കിൽ 50 കഷ്ണങ്ങളായേക്കാം'

Friday 10 October 2025 9:52 AM IST

ലക്‌നൗ: ലിവ് ഇൻ റിലേഷൻഷിപ്പിനെതിരെ വിവാദ പരാമർശവുമായി യുപി ഗവർണർ ആനന്ദിബെൻ പട്ടേൽ. ലിവ് ഇൻ റിലേഷനിൽ നിന്ന് പെൺകുട്ടികൾ അകന്നുനിൽക്കണമെന്നും ഇല്ലെങ്കിൽ 50 കഷ്ണങ്ങൾ ആയേക്കാം എന്നുമാണ് ആനന്ദിബെൻ പട്ടേൽ പറഞ്ഞത്. വാരണാസിയിലെ മഹാത്മാഗാന്ധി കാശി വിദ്യാപീഠത്തിന്റെ 47-ാം ബിരുദദാന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അവർ.

'ലിവ് ഇൻ റിലേഷൻഷിപ്പുകൾ ഇപ്പോൾ ട്രെൻഡാണ്. എനിക്ക് പെൺകുട്ടികളോട് ഒരുകാര്യം മാത്രമേ പറയാനുളളൂ. അതിൽ നിന്ന് നിങ്ങൾ വിട്ടുനിൽക്കണം. എന്താണ് സംഭവിക്കുന്നതെന്ന് നിങ്ങൾ കണ്ടിട്ടുണ്ട്. 50കഷ്ണങ്ങളായി കണ്ടെത്തിയേക്കാം'-ആനന്ദിബെൻ പറഞ്ഞു. ലിവ് ഇൻ റിലേഷനുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളെക്കുറിച്ചും ഗവർണർ പറഞ്ഞു. 'കുറച്ചുദിവസങ്ങളായി ഇത്തരം വാർത്തകൾ ഞാൻ കേൾക്കുന്നുണ്ട്. നമ്മുടെ പെൺകുട്ടികൾ എന്തിനാണ് ഇങ്ങനെചെയ്യുന്നതെന്ന് എപ്പോഴും ഞാൻ ആലോചിക്കും. ഇത് എന്നെ ഏറെ വേദനിപ്പിക്കുന്നു'- എന്നാണ് ഗവർണർ പറഞ്ഞത്.

നേരത്തേയും ലിവ് ഇൻ റിലേഷനുമായി ബന്ധപ്പെട്ട് ഗവർണർ വിവാദപരാമർശങ്ങൾ നടത്തിയിരുന്നു. ബല്ലിയിലെ ജനനായക് ചന്ദ്രശേഖർ സർവകലാശാലയുടെ ഏഴാമത് ബിരുദദാന ചടങ്ങിലായിരുന്നു ആദ്യത്തെ പരാമർശം നടത്തിയത്. ഇത്തരം ബന്ധങ്ങളുടെ പ്രത്യാഘാതങ്ങൾ അനാഥാലയങ്ങൾ സന്ദർശിച്ചാൽ വെളിപ്പെടും.15നും 20നും ഇടയിൽ പ്രായമുള്ള പെൺകുട്ടികൾ ഒരുവയസായ കുഞ്ഞുങ്ങളെയുംകൊണ്ട് ക്യൂവിൽ നിൽക്കുന്നത് കാണാൻ കഴിയും എന്നാണ് അന്ന് ഗവർണർ പറഞ്ഞത്.

യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് ഉപയോഗത്തിൽ കടുത്ത ആശങ്ക വ്യക്തമാക്കിയ ഗവർണർ സംസ്ഥാനത്തെ ഓരോ ചെറുപ്പക്കാരനും ലഹരിവസ്തുക്കളുടെ ദുരുപയോഗത്തിൽ നിന്ന് മുക്തമാകുമ്പോൾ താൻ സന്തോഷിക്കുന്നു എന്നും പറഞ്ഞു.