ഫിലിപ്പീൻസിൽ വൻ ഭൂകമ്പം; ഏത് നിമിഷവും സുനാമി ഉണ്ടായേക്കാം, ജനങ്ങളോട് ഒഴിഞ്ഞുപോകാൻ നിർദേശം

Friday 10 October 2025 10:01 AM IST

മനില: ഫിലിപ്പീൻസിൽ വൻ ഭൂചലനം. റിക്‌ടർ സ്‌കെയിൽ 7.6 തീവ്രത രേഖപ്പെടുത്തിയതായി രാജ്യത്തെ സീസ്‌മോളജി ഏജൻസി അറിയിച്ചു. ശക്തമായ ഭൂകമ്പത്തെത്തുടർന്ന് തീരപ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പും നൽകി. ജനങ്ങളോട് സ്ഥലത്ത് നിന്നും ഒഴിഞ്ഞുപോകാനും ആവശ്യപ്പെട്ടിട്ടുണ്ട്.

മിൻഡാനാവോയിലെ ഡാവോ ഓറിയന്റിലെ മനായ് പട്ടണത്തിൽ പത്ത് കിലോമീറ്റർ താഴ്‌ചയിലാണ് ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമെന്ന് ഫിലിപ്പീൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വോൾക്കാനോളജി ആന്റ് സീസ്‌മോളജി അറിയിച്ചു. ആളപായമോ നാശനഷ്‌ടങ്ങളോ ഇതുവരെ റിപ്പോർട്ട് ചെയ്‌തിട്ടില്ല. എന്നാൽ, തുടർചലനങ്ങൾക്ക് സാദ്ധ്യതയുണ്ട്. മുൻകരുതലായി തീരപ്രദേശങ്ങളിൽ താമസിക്കുന്നവർ ഉയർന്ന സ്ഥലത്തേക്കോ ഉൾനാടുകളിലേക്കോ മാറണമെന്ന് അധികൃതർ നിർദേശിച്ചു.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രത്തിൽ നിന്ന് 186 മൈൽ അകലെ അപകടകരമായ തിരമാലകൾ ഉണ്ടാകാമെന്ന് ഹവായിയിലെ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. ഫിലിപ്പീൻസിലെ ചില തീരങ്ങളിൽ മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. ഇന്തോനേഷ്യയിലും പലാവുവിലും ഇതിന്റെ ഭാഗമായി ചെറിയ തിരമാലകൾ ഉണ്ടാകും.

അതേസമയം, ശക്തമായ ഭൂകമ്പത്തിനിടെ ആളുകൾ പരിഭ്രാന്തിയോടെ ഓടുന്നതിന്റെ വീഡിയോ ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ഭൂകമ്പത്തിനിടെ ജീവൻ രക്ഷിക്കാനായി ഒരു ആശുപത്രിയിലെ രോഗികളും ജീവനക്കാരും പരിഭ്രാന്തരായി ഓടുന്നത് വീഡിയോയിൽ കാണാം. മത്സ്യ വിൽപ്പന കേന്ദ്രത്തിലെ ഗ്ലാസ് പാത്രങ്ങൾ ശക്തമായി കുലുങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. മുൻകരുതൽ എന്ന നിലയിൽ ഇന്തോനേഷ്യയിലെ വടക്കൻ സുലവേസി, പപ്പുവ പ്രദേശങ്ങളിൽ സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.