'സുന്ദരനായ ഡ്രൈവർക്ക് ടിപ്പ് നൽകി, അധികം വൈകാതെ ഫോണിൽ അറപ്പുളവാക്കുന്ന സന്ദേശങ്ങളെത്തി'; വെളിപ്പെടുത്തി യുവതി
ചണ്ഡീഗഢ്: നഗരപ്രദേശങ്ങളിലൂടെയുളള യാത്ര എളുപ്പമാക്കാനും സമയം ലാഭിക്കാനും മിക്കവരും ഒല, ഊബർ, റാപ്പിഡോ പോലുളളവയുടെ സഹായം തേടാറുണ്ട്. ഇത്തരം ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്നവരുടെ ലൊക്കേഷനുകളും ഫോൺ നമ്പരുകളും യാതൊരു ബന്ധമില്ലാത്തവരിലേക്കാണ് എത്തുന്നത്. ഇവ സുരക്ഷിതമാണെന്നാണ് മിക്കവരുടെയും വാദം. എന്നാൽ ചില അവസരങ്ങളിൽ ഇവ നമ്മുടെ സ്വകാര്യതയെയും ഇവ ബാധിക്കാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുന്നത്.
ഗുഡ്ഗാവിൽ നിന്ന് ഓൺലൈനിലൂടെ ബുക്ക് ചെയ്ത കാറിൽ യാത്ര ചെയ്ത ഒരു യുവതിയാണ് ദുരനുഭവം പങ്കുവച്ചിരിക്കുന്നത്. റെഡ്ഡിറ്റിലൂടെയാണ് യുവതി ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരിക്കുന്നത്. കാണാൻ മാന്യനായ ഡ്രൈവർ തനിക്ക് വാട്സാപ്പിലൂടെ നിരന്തരം അറപ്പുളവാക്കുന്ന സന്ദേശങ്ങൾ അയക്കുകയായരുന്നുവെന്നാണ് യുവതി പറഞ്ഞത്. മറുപടി കൊടുക്കാതെ വന്നതോടെ ഓൺലൈൻ പേയ്‌മെന്റ് പോർട്ടലുകൾ വഴിയും ഡ്രൈവർ സന്ദേശം അയക്കുകയായിരുന്നുവെന്ന് യുവതി കുറിച്ചു. യുവതിയുടെ പോസ്റ്റിന് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിക്കുന്നത്. വീട്ടിൽ സുരക്ഷിതയായി ഇരിക്കാൻ ചിലർ കമന്റിലൂടെ പറഞ്ഞു. യുപിഐ ഐഡി ഉടൻ മാറ്റൂവെന്നും ചിലർ പ്രതികരിച്ചു.
യുവതിയുടെ കുറിപ്പിന്റെ പൂർണരൂപം. ഗുരുഗാവിൽ നിന്നാണ് ഞാൻ കാറിൽ കയറിയത്. ഡ്രൈവർ സുന്ദരനായിരുന്നു. റോഡിൽ നല്ല തിരക്കായിരുന്നു. അതുകൊണ്ട് അയാൾ മറ്റൊരു വഴിയിലൂടെയാണ് പോയത്. ഇറങ്ങേണ്ട സ്ഥലത്തെത്തിയപ്പോൾ ഞാൻ ആപ്പിലൂടെയാണ് പണം നൽകിയത്. കാറിൽ നിന്നിറങ്ങി വീട്ടിലേക്ക് പോയി. ഡ്രൈവറൊരു മാന്യനായതുകൊണ്ട് ടിപ്പ് കൊടുക്കണമെന്ന് എനിക്കുതോന്നി. ഞാൻ അയാളുടെ നമ്പറിലേക്ക് ഗൂഗിൾ പേ വഴി 100 രൂപ അധികമായി അയച്ചുകൊടുത്തു. പക്ഷെ ആ പണം ഡ്രൈവർ ഉടൻതന്നെ എനിക്ക് തിരിച്ചയച്ചു.
അധികം വൈകാതെ തന്നെ വാട്സാപ്പിലൂടെ മോശമായി സംസാരിക്കാനും ആരംഭിക്കുകയായിരുന്നു. അതോടെ ഞാൻ അയാളെ വാട്സാപ്പിൽ ബ്ലോക്ക് ചെയ്തു. എന്നാൽ മറ്റൊരു വഴിയിലൂടെ എന്റെ നമ്പർ ശേഖരിച്ച് വീണ്ടും സന്ദേശം അയക്കുകയായിരുന്നു. വീണ്ടും അയാളെ ബ്ലോക്ക് ചെയ്തു. പിന്നീട് ആപ്പിൽ ഡ്രൈവർക്കെതിരെ പരാതി നൽകുകയും ചെയ്തു. അന്ന് അയാൾ എന്റെ വീടിനടുത്താണ് ഡ്രോപ്പ് ചെയ്തത്. ഇപ്പോൾ എനിക്ക് നല്ല ഭയമുണ്ട്.