ഹെലികോപ്റ്ററുകളിൽ നിന്നോ കരയിൽ നിന്നോ ഒരു പോലെ ലോഞ്ച് ചെയ്യാം, പാകിസ്ഥാനെ ഞെട്ടിക്കുന്ന തീപ്പൊരി ആയുധം ഇന്ത്യയ്‌ക്ക് ഉടൻ സ്വന്തമാകും

Friday 10 October 2025 12:20 PM IST

മുംബയ്:പാകിസ്ഥാനിൽ നിന്നും ചൈനയിൽ നിന്നും സൈനികപരമായ വെല്ലുവിളികൾ നേരിട്ടതോടെ ഇന്ത്യ സൈനികശേഷി വർദ്ധിപ്പിക്കാൻ തുടങ്ങിയിരുന്നു. രണ്ടാം മോദി സർക്കാരിന്റെ കാലത്ത് ഈ മേഖലയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമറുടെ സന്ദർശനത്തോടനുബന്ധിച്ച് ഇന്ത്യ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന മറ്റൊരു കരാറിൽ ഏർപ്പെട്ടിരിക്കുകയാണ്. 350 മില്യൺ യൂറോയുടെ (ഏകദേശം 468 മില്യൺ ഡോളർ) കരാറാണ് ഇന്ത്യൻ സൈന്യത്തിന് വേണ്ടി നടപ്പാക്കുന്നത്. ലൈറ്റ്‌വെയ്‌റ്റ് മൾട്ടിറോൾ മിസൈൽ (എൽഎംഎം) ആണ് ഇന്ത്യക്കായി നൽകുന്നത്. വടക്കൻ അയർലന്റിലെ തേൽസ് കമ്പനിയാണ് ഇവ നിർമ്മിക്കുക.

യുകെയും ഇന്ത്യയും തമ്മിലെ പ്രതിരോധ-വ്യാപാര ഇടപാടുകളിലെ പുത്തൻ ചുവടുവയ്‌പ്പാണിത്. പ്രതിരോധ സുരക്ഷ, ആഭ്യന്തര ആയുധ ശാക്തീ‌കരണം എന്നിവ വർദ്ധിപ്പിക്കാനുമാണിത്. ബ്രിട്ടീഷ് പ്രധാനമന്ത്രി സർ കെയ്‌ർ സ്റ്റാർമർ,ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാജ്‌ഭവനിൽ നടത്തിയ ചർച്ചയ്‌ക്കൊടുവിലാണ് കരാർ ഒപ്പിട്ടത്. ഈ വർഷം ആദ്യം ഇരു രാജ്യങ്ങളും തമ്മിലൊപ്പിട്ട വ്യാപാര കരാറിന്റെ പശ്ചാത്തലത്തിൽ യുകെ-ഇന്ത്യ ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ഇരുരാജ്യങ്ങളും സംസാരിച്ചു. 700 പേർക്ക് തേൽസ് കമ്പനിയിൽ ഇതോടെ ജോലി ലഭിക്കും. യുക്രെയിന് വേണ്ടി തേൽസ് കമ്പനി നിലവിൽ ഇത്തരം മിസൈലുകൾ നിർമ്മിച്ച് നൽകുന്നുണ്ട്.

ഭാരം കുറഞ്ഞ പ്ളാറ്റ്‌ഫോമുകളായ ഹെലികോപ്‌റ്ററുകൾ, ഡ്രോണുകൾ, ഗ്രൗണ്ട് ലോഞ്ചറുകൾ എന്നിവയിൽ ഉപയോഗിക്കാവുന്ന എൽഎം മിസൈലുകൾ കൃത്യമായി ലക്ഷ്യസ്ഥാനത്ത് എത്തുന്നവയാണ്. വായുവിൽ നിന്നോ ഭൂതലത്തിൽ നിന്നോ ലോഞ്ച് ചെയ്യുന്നവയാണിവ. മിസൈൽ സംവിധാനങ്ങൾ, പുത്തൻ സെൻസറുകൾ, ഇലക്‌ട്രോണിക് യുദ്ധ സംവിധാനങ്ങളും ആണ് ഇരുരാജ്യങ്ങളും സഹകരണത്തോടെ

തയ്യാറാക്കുന്നത്. ഇതിനുപുറമേ ഇലക്‌ട്രിക്ക് എഞ്ചിനുകൾ ഇന്ത്യൻ യുദ്ധകപ്പലുകൾക്ക് നൽകാനും കരാറുണ്ട്.

ഇന്ത്യയെ സംബന്ധിച്ച് ആയുധങ്ങളുടെ വൈവിദ്ധ്യവത്കരണവും പാശ്ചാത്യമായ സാങ്കേതിക വിദ്യയെ രാജ്യത്ത് സംയോജിപ്പിക്കുന്നതിനും കരാർ ഉപകരിക്കും. അതേസമയം ബ്രിട്ടണെ സംബന്ധിച്ച് ആഗോളതലത്തിൽ പ്രതിരോധ-സാമ്പത്തിക സ്വാധീനം വർദ്ധിപ്പിക്കാനാണ് ഈ കരാർ വഴി സാധിക്കുക. ഏഷ്യയിലെ ഏറ്റവും വേഗം വളരുന്ന വിപണിയായ ഇന്ത്യയിൽ ശക്തമായ സ്വാധീനവും ബ്രിട്ടീഷ് സർക്കാർ ലക്ഷ്യമിടുന്നു.