ഒരു വർഷം മുമ്പ് വാങ്ങിയത് 17 ലക്ഷത്തിന്റെ ബൈക്ക്, ഇനി ആഡംബര കാർ വേണമെന്ന് വാശി; മകന്റെ തലയ്‌ക്കടിച്ച് പിതാവ്

Friday 10 October 2025 12:23 PM IST

തിരുവനന്തപുരം: വഞ്ചിയൂരിൽ പിതാവ് മകനെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ചു. ആഡംബര കാർ വേണമെന്ന മകൻ വാശിപിടിച്ചിരുന്നു. ഈ തർക്കത്തിനൊടുവിലാണ് സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇരുപത്തിരണ്ടുകാരൻ ഹൃത്വിക്ക് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ തീവ്രപരിചരണവിഭാഗത്തിൽ ചികിത്സയിലാണ്.

പിതാവ് വിനയാനന്ദിനെതിരെ വഞ്ചിയൂർ പൊലീസ് കേസെടുത്തു. ഹൃത്വിക്കിന്റെ സുഹൃത്തിന്റെ പരാതിയിലാണ് നടപടി. വിനയാനന്ദനും ഭാര്യയും മകനുമാണ് വീട്ടിലുള്ളത്. ഒരു വർഷം മുമ്പ് വിനയാനന്ദൻ മകന് 17 ലക്ഷം രൂപയുടെ ബൈക്ക് വാങ്ങിക്കൊടുത്തിരുന്നു. അതാണ് ഇപ്പോൾ യുവാവ് ഉപയോഗിക്കുന്നത്. കഴിഞ്ഞദിവസം ആഡംബര കാർ വേണമെന്ന് മകൻ വാശിപിടിച്ചു.

കാർ വാങ്ങിത്തരാനുള്ള സാമ്പത്തിക സ്ഥിതി ഇപ്പോഴില്ലെന്ന് വിനയാനന്ദൻ മകനെ പറഞ്ഞുമനസിലാക്കാൻ ശ്രമിച്ചു. എന്നാൽ മകൻ ഇത് കേൾക്കുന്നില്ലെന്ന് മാത്രമല്ല മാതാപിതാക്കളെ ആക്രമിക്കാൻ ശ്രമിക്കുകയുമായിരുന്നു. അക്രമം ചെറുക്കുന്നതിനിടയിൽ കമ്പിപ്പാരകൊണ്ട് പിതാവ് മകന്റെ തലയ്ക്ക് രണ്ട് തവണ അടിക്കുകയായിരുന്നു.