ചെയ്‌ത പാപങ്ങൾ അകലാൻ ക്ഷേത്രത്തിൽ പോകുന്നവർ അറിയണം, ഈ രണ്ട് സമയങ്ങളിൽ ഒരിക്കലും പ്രദക്ഷിണം ചെയ്യരുത്
ഇഷ്‌ട ദേവനെ ആരാധിക്കാനായി ക്ഷേത്രത്തിൽ പോകുന്നവർക്ക് ആത്മീയവും മാനസികവുമായി നല്ല ഗുണം ലഭിക്കാറുണ്ടെന്ന് ആചാര്യന്മാർ സൂചിപ്പിക്കുന്നു. ഏത് ക്ഷേത്രത്തിലും ദേവനെ കണ്ടശേഷം ഭക്‌തർ പ്രദക്ഷിണം ചെയ്യാറുണ്ട്. പലരും ഒരു ഓട്ടപ്രദക്ഷിണം നടത്തി പ്രദക്ഷിണം പൂർത്തിയാക്കുകയോ ഒരൊറ്റ പ്രദക്ഷിണം ചെയ്‌ത് പുറത്തിറങ്ങുകയോ ഒക്കെ ചെയ്യും. പോകുന്ന ക്ഷേത്രങ്ങളിൽ ഓരോന്നിലും പ്രത്യേകമായ നിർദ്ദേശങ്ങളുണ്ടാകും. ഇതുപലരും പാലിക്കാറില്ല. സ്വന്തം ഇഷ്‌ടത്തിന് തൊഴുത് പുറത്തിറങ്ങും. എന്നാൽ ഇത് തെറ്റാണ്. ക്ഷേത്രത്തിൽ ഇഷ്‌ടദേവതയെ തൊഴുന്നതുപോലെ പ്രധാനമാണ് പ്രദക്ഷിണം വയ്‌ക്കുന്നതും.
ഒരു ക്ഷേത്രത്തിലെ മൂർത്തി ഏതെന്ന് മനസിലാക്കി വേണം പ്രദക്ഷിണം ചെയ്യാനെന്ന് ആചാര്യർ നിഷ്‌കർഷിക്കുന്നു. ദേവന്റെ മൂലമന്ത്രം ഏതോ അത് ജപിച്ച് വേണം പ്രദക്ഷിണം. പരമശിവന് പൂർണപ്രദക്ഷിണം പാടില്ല. ചന്ദ്രക്കലയുടെ ആകൃതിയിലാകണം മൂന്ന് പ്രദക്ഷിണം വയ്‌ക്കാൻ. ഗണപതിയ്‌ക്ക് ആകട്ടെ ഒരൊറ്റ പ്രദക്ഷിണം ആണ് ചെയ്യേണ്ടത്. ഭദ്രകാളിയ്‌ക്ക് രണ്ടും ദുർഗ്ഗാ ദേവിയാണെങ്കിൽ ഏഴ് പ്രദക്ഷിണവും വേണം. മഹാവിഷ്‌ണുവിന് നാല് പ്രദക്ഷിണവും ശാസ്‌താവോ അയ്യപ്പനോ ആണ് മുഖ്യപ്രതിഷ്‌ഠയെങ്കിൽ അഞ്ച് പ്രദക്ഷിണം വേണം. സുബ്രഹ്‌മണ്യന് ആറാണ് പ്രദക്ഷിണം വേണ്ടത്. നവഗ്രഹങ്ങൾക്കാകട്ടെ ഒൻപത് പ്രദക്ഷിണം ചെയ്യണം.
കുളിച്ച് വൃത്തിയായി ശുദ്ധമായ മനസോടെ ക്ഷേത്രത്തിലെത്തി വലത് വശത്ത് ബലിക്കല്ല് വരുന്ന തരത്തിൽ വേണം പ്രദക്ഷിണം ചെയ്യാൻ. ആദ്യ പ്രദക്ഷിണത്തിൽ പാപമോചനം ലഭിക്കും, രണ്ടാമത് ദേവനെ തൊഴാൻ അനുമതി വാങ്ങുന്നതാണ്, മൂന്നാമതാകട്ടെ ഐശ്വര്യം, സന്തോഷം എന്നിവയൊക്കെ ലഭിക്കാൻ സഹായിക്കുന്നതാണ്. എന്നാൽ രണ്ട് സമയങ്ങളിൽ ക്ഷേത്രത്തിൽ പ്രദക്ഷിണം വയ്‌ക്കാൻ പാടില്ല. നേദ്യ സമയത്തും, ക്ഷേത്രത്തിലെ നട അടച്ചിരിക്കുന്ന വേളയിലും പ്രദക്ഷിണം ചെയ്യാൻ പാടില്ല. പ്രദക്ഷിണം ചെയ്യുന്നതിന് ക്ഷേത്രത്തിൽ നിർദ്ദേശമുണ്ടെങ്കിൽ അതും കൃത്യമായി പാലിക്കണം.