'രാജ്യം ഭരിക്കുന്നത് മോദിയും ബിജെപിയുമാണ്,​ തലയ്ക്കു ബോധം നഷ്ടപ്പെട്ട ഏതവനാണ് ഇപ്പോൾ സെൻസർ ബോർഡിൽ'

Friday 10 October 2025 1:31 PM IST

ഷെയ്ൻ നിഗം നായകനായ ഹാൽ സിനിമയ്ക്ക് നേരെ സെൻസർ ബോർഡിന്റെ കടുംവെട്ടിൽ പ്രതികരണവുമായി സംവിധായകൻ അഖിൽ മാരാർ. തന്റെ സിനിമയായിരുന്നെങ്കിൽ ഒരിക്കലും സെൻസർ കിട്ടില്ലെന്നും അത് സിനിമ കണ്ടവർക്കറിയാമെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. മാരാരുടെ ആദ്യ സിനിമയായ 'ഒരു താത്വിക അവലോകനത്തിന്റെ ക്ലിപ്പുകൾ പങ്കുവച്ചു കൊണ്ടാണ് അദ്ദേഹം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ പ്രതികരിച്ചത്.

അഖിൽമാരാരുടെ കുറിപ്പ് ;

'ആദ്യമേ പറയട്ടെ ആരെയും ബോധപൂർവം ആക്ഷേപിക്കാനല്ല കേരള രാഷ്ട്രീയത്തിലെ രസകരമായ സംഭവങ്ങളെ സരസമായി അവതരിപ്പിക്കുക മാത്രമാണ് ഒരു താത്വിക അവലോകനം. എല്ലാവർക്കും ആവശ്യത്തിനുള്ള കൊട്ട് കൊടുത്തു ശരിയുടെ പക്ഷം ചേരാനാണ് അന്നും ഇന്നും ഞാൻ ശ്രമിച്ചിട്ടുള്ളത്. പലർക്കും സിനിമ ദഹിക്കാതെ പോയത് വിമ‌ർശനങ്ങൾ ഉൾകൊള്ളാൻ കഴിയാതിരുന്നത് കൊണ്ടാണ്.

ജാനകി എന്ന പേരിന് സെൻസർ നിഷേധിച്ച സെൻസർ ബോർഡ്, ഇപ്പോൾ ധ്വജ പ്രണാമം, ബീഫ് ബിരിയാണി എന്നുപയോഗിച്ചത് മാറ്റണം എന്ന് പറയുമ്പോൾ എന്റെ സിനിമ ഇന്നിറങ്ങിയാൽ ഒരിക്കലും സെൻസർ കിട്ടില്ല എന്ന് പടം കണ്ടവർക്ക് അറിയാം. അല്ലാത്തവർ ഈ ക്ലിപ്പുകൾ കണ്ട് നോക്കു. അന്നും രാജ്യം ഭരിക്കുന്നത് മോദിയും ബിജെപിയുമാണ് എന്നാൽ തലയ്ക്കു ബോധം നഷ്ടപ്പെട്ട ഏതവനാണ് ഇപ്പോൾ സെൻസർ ബോർഡിൽ എന്നാണ് സംശയം. സിനിമ കാണാത്തവർക്ക് അഖിൽ മാരാർ സ്പെഷ്യൽ എന്ന എന്റെ യൂ ടൂബ് ചാനലിൽ കാണാവുന്നതാണ്.. ഈ തിരഞ്ഞെടുപ്പിന് മുൻപ് നിങ്ങൾ തീർച്ചയായും കാണേണ്ട സിനിമയാണ്'- അഖിൽമാരാർ കൂട്ടിച്ചേർത്തു.

ചിത്രത്തിലെ 15 സീനുകൾ മാറ്റാനാണ് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരിക്കുന്നത്. സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ് നൽകാമെന്നാണ് സിബിഎഫ്‌സിയുടെ നിലപാട്. അതേസമയം, സെൻസർ ബോർഡിന്റെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാക്കൾ.