വിജയ് v/s തമിഴ്‌നാട് സർക്കാർ; സുപ്രീംകോടതിയിൽ വാദം ആരംഭിച്ചു

Friday 10 October 2025 1:35 PM IST

ന്യൂഡൽഹി: കരൂരിൽ തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ് നടത്തിയ പ്രചാരണറാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവവുമായി ബന്ധപ്പെട്ട കേസുകളിൽ സുപ്രീം കോടതി വാദം കേൾക്കാൻ തുടങ്ങി. ജസ്റ്റിസുമാരായ മഹേശ്വരി, അഞ്ജരിയ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് വാദം കേൾക്കുന്നത്.

മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ദുരന്തത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണ്. ഈ പ്രത്യേക സംഘത്തിന്റെ അന്വേഷണത്തെ ടിവികെ എതിർക്കുകയാണ്. ഇതിനായി മദ്രാസ് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ടിവികെ സുപ്രീം കോടതിയിൽ ഒരു ഹർജി സമർപ്പിച്ചത്.

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട മറ്റ് ഹർജികളും ഇന്ന് സുപ്രീംകോടതി പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ബിജെപി നേതാക്കളും ഹർജി നൽകിയിട്ടുണ്ട്. തമിഴ്നാട് സർക്കാരിനുവേണ്ടി അഭിഭാഷകരായ അഭിഷേക് മനു സിംഗ്വി, മുകുൾ റോഹ്‌തി, പി. വിൽസൺ, രവീന്ദ്രൻ എന്നിവർ ഹാജരായി. ടിവികെയ്ക്കുവേണ്ടി അഭിഭാഷകരായ ദാമ ശേഷാദ്രിയും ഗോപാൽ ശങ്കർ നാരായണനും ഹാജരായി.

ദുരന്തത്തിൽ തമിഴക വെട്രി കഴകത്തെയും വിജയ്‌യെയും മദ്രാസ് ഹൈക്കോടതി അതിരൂക്ഷമായി വിമർശിച്ചിരുന്നു. മനുഷ്യ നിർമ്മിത ദുരന്തമാണുണ്ടായത്. അപകടമുണ്ടായപ്പോൾ സംഘാടകരും നേതാക്കളും അനുയായികളെ ഉപേക്ഷിച്ച് രക്ഷപ്പെട്ടു. വിജയ്ക്ക് നേതൃപാടവമില്ല. ദുരന്തത്തിനുനേരെ കണ്ണടയ്ക്കാൻ കഴിയില്ലെന്നു പറഞ്ഞ കോടതി, നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്നും ഓർമ്മിപ്പിച്ചിരുന്നു.

പ്രത്യേക അന്വേഷണ സംഘം (എസ്‌.ഐ.ടി) ഐ.ജി അസ്ര ഗാർഗിന്റെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 5ന് കരൂരിലെ വേലുച്ചാമിപുരത്തെത്തി തെളിവുകൾ ശേഖരിച്ചു. പരിക്കേറ്റവരുടേയും മരിച്ചവരുടെ ബന്ധുക്കളുടെ മൊഴികൾ രേഖപ്പെടുത്തിയിരുന്നു.