270 കിലോമീറ്റർ റേഞ്ച്, ഏത് കുടുംബങ്ങൾക്കും ഇഷ്‌ടപ്പെടുന്ന ഉഗ്രൻ ഇലക്‌ട്രിക് കാറുമായി സുസുകി

Friday 10 October 2025 3:47 PM IST

ഇന്ത്യൻ ചെറുകാർ വിപണിയിൽ എത്രത്തോളം സ്വാധീനം മാരുതിയ്‌ക്കുണ്ടെന്ന് നമുക്കറിയാം. ഏതൊരു സാധാരണക്കാരനും ഇഷ്‌ടപ്പെടുന്ന എസ്‌പ്രെസോ, ആൾട്ടോ800,സ്വിഫ്‌റ്റ്, വാഗൺആർ, ബലേനോ തുടങ്ങി ഒരുകൂട്ടം കാറുകൾ മാരുതിയുടേതായുണ്ട്. തങ്ങളുടെ ഇലക്‌ട്രിക് മോഡലുകളായ ഇ-വിറ്റാര, ഹാച്ച്‌ബാക്കായ ഇഡബ്ളുഎക്‌സ്, വാഗൺആറിന്റെ ഇലക്‌ട്രിക് എന്നിവ മാസങ്ങൾക്കകം മാരുതി സുസുകി ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് സൂചന. ഇതിനിടെ ലോക ചെറുകാർ വിപണിയിൽ തങ്ങളുടെ പുതുപുത്തനൊരു മോഡൽ കൂടി പുറത്തിറക്കാൻ പോകുകയാണ് മാരുതി.

പുത്തൻ കാറിന്റെ കൺസെപ്‌റ്റ് ഒക്‌ടോബർ 30ന് ആരംഭിക്കുന്ന ജപ്പാൻ മൊബിലിറ്റി എക്‌സ്‌പോയിൽ പ്രദർശിപ്പിക്കാൻ പോകുകയാണ് സുസുകി മോട്ടോർ കോർപറേഷൻ. യുണീക്ക്, സ്‌മാർട്ട്, പോസിറ്റീവ് എന്നീ ആശയങ്ങളിൽ ഉറച്ചുള്ള ഇ-സ്‌കൈ എന്ന മോഡൽ കാറാണ് പ്രദർശിപ്പിക്കുക. ഒരു ചാർജ്ജിൽ 270 കിലോമീറ്റർ റേഞ്ചാണ് വാഹനം മുന്നോട്ടുവയ്‌ക്കുന്നത്. നീളം 3395 എംഎം, 1475എംഎം ആണ് വീതി, 1625 എംഎം ആണ് ഉയരം. ഫുൾലെംഗ്‌ത് എൽഇഡി ഡേടൈം റണ്ണിംഗ് ലാംപും, സി ഷേപ്പ്ഡ് ഹെ‌ഡ്‌ലാമ്പുമാണ് ഇ-സ്‌കൈയ്‌ക്ക് നൽകിയിരിക്കുന്നത്. ഡ്യുവൽ ടോൺ എക്‌സ്റ്റീരിയറും ബ്ളാക് കളർ പില്ലറുകളും വണ്ടിക്ക് ഭംഗിയേകുന്നു. ഫ്ളഷ് ഡോർ ഹാൻഡിലുകളും എയറോഡൈനാമിക്കലായി ഡിസൈൻ ചെയ്‌ത വിംഗ് മിററുകളും ഇന്റഗ്രേറ്റഡ് എൽഇഡി സ്റ്റോപ്പ് ലൈറ്റുള്ള കാറിൽ ടെയിൽ ലാമ്പിനും സി ആകൃതിയാണ്. മാരുതിയുടെ ഇന്ത്യയിലെ കുഞ്ഞൻ കാറായ എസ്‌പ്രസോയെക്കാൾ ഉയരമുളളതും എന്നാൽ വലുപ്പത്തിൽ ചെറുതുമാണ് ഇ-സ്‌കൈ.

ഇന്റീരിയറിലേക്ക് വന്നാൽ സ്‌ക്വയറക്കിൾ (സ്‌ക്വയറും സർക്കിളും എന്ന് തോന്നുന്നതരം) സ്റ്റിയറിംഗ് വീലാണ് കോൺസെപ്റ്റ് കാറിന് സുസുകി നൽകിയിരിക്കുന്നത്. ഗ്ളോസി ബ്ളാക് ഫിനിഷിൽ സ്റ്റിയറിംഗിൽ മൾച്ചി ഫംഗ്‌ഷൻ ബട്ടണുകൾ നൽകിയിരിക്കുന്നു. ഡ്യുവൽ ഡിജിറ്റൽ സ്‌ക്രീനും ഉണ്ട്. ഇതിൽ ബാറ്ററി നില, സ്‌പീഡോ മീറ്റർ, റേഞ്ച് എന്നിവ അറിയാം. ബ്ളൂ, പർപ്പിൾ കളർ ഷേഡുകളാണ് ഇന്റീരിയറിനാകെ നൽകിയിരിക്കുന്നത്.

2026 സാമ്പത്തികവർഷം തന്നെ കാർ പുറത്തിറക്കാനാണ് സുസുകിയുടെ ആലോചന. 2026-27ൽ തന്നെയാകും ഇന്ത്യയിലും പുറത്തിറക്കുക. വിശദമായ ടെക്‌നിക്കൽ വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇന്ത്യയിൽ എന്തായാലും മാറ്റങ്ങളോടെയാകും വിൽപന എന്നാണ് സൂചന.