തമിഴ്‌നാട്ടിൽ ജോലിക്കുപോയ മലയാളി യുവാവിനെ ചുറ്റികയ്‌ക്കടിച്ച് കൊലപ്പെടുത്തി; പ്രതി പിടിയിൽ

Friday 10 October 2025 4:40 PM IST

കമ്പം: തമിഴ്‌‌നാട് കമ്പത്ത് മലയാളി യുവാവിനെ ചുറ്റികയ്‌ക്കടിച്ച് കൊലപ്പെടുത്തി. തൃശൂർ സ്വദേശി മുഹമ്മദ് റാഫിയാണ് കൊല്ലപ്പെട്ടത്. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമാണ് കൊലപാതകത്തിന് കാരണം. പ്രതിയായ ഗൂഡല്ലൂർ സ്വദേശി ഉദയകുമാറിനെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. കമ്പത്ത് ജോലിക്കെത്തിയതായിരുന്നു മുഹമ്മദ് റാഫി. ശരവണൻ എന്ന പരിചയക്കാരന്റെ ഗ്രില്ലുകൾ പണിയുന്ന വർക്ക്‌ഷോപ്പിലാണ് റാഫി ജോലി ചെയ്‌തിരുന്നത്. കമ്പത്തെ ലോഡ്‌ജിലാണ് ഇയാൾ താമസിച്ചിരുന്നത്. അവിടെ തൊട്ടടുത്ത മുറിയിൽ താമസിച്ചിരുന്നയാളാണ് ഉദയകുമാർ. ഇന്നലെയും പതിവുപോലെ ജോലി കഴിഞ്ഞ് ലോഡ്‌ജിലെത്തിയ മുഹമ്മദ് റാഫി ഉദയകുമാറിനൊപ്പം മദ്യപിച്ചു. അതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നാണ് മേസ്‌തിരിയായ ഉദയകുമാർ കൈവശമുണ്ടായിരുന്ന ആയുധങ്ങളിൽ നിന്ന് ചുറ്റികയെടുത്ത് റാഫിയുടെ നെഞ്ചിൽ അടിച്ചത്. ഇതോടെ റാഫി ബോധംകെട്ടുവീണു.

ശബ്‌ദം കേട്ടെത്തിയ ലോഡ്‌ജ് ജീവനക്കാർ ഉടൻതന്നെ പൊലീസിൽ വിവരമറിയിച്ചു. ഉദ്യോഗസ്ഥർ എത്തിയപ്പോഴേക്കും മുഹമ്മദ് റാഫി മരിച്ചിരുന്നു. ഇയാളുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം കമ്പത്തെ സർക്കാർ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഉടൻതന്നെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് അധികൃതർ അറിയിച്ചു.