'ഭക്ഷ്യഭദ്രതയിൽ നിന്നും പോഷകാഹാര ഭദ്രതയിലേക്ക് സംസ്ഥാനം മാറും'; മന്ത്രി ജി ആർ അനിൽ

Friday 10 October 2025 4:49 PM IST

തിരുവനന്തപുരം: സംസ്ഥാനം എഴുപത്തഞ്ചാം വയസിലേക്ക് കടക്കുമ്പോൾ എല്ലാവർക്കും മതിയായ പോഷകാഹാരം ഉറപ്പുവരുത്തുകയാണ് സർക്കാർ ലക്ഷ്യമെന്ന് ഭക്ഷ്യ പൊതുവിതരണവകുപ്പ് മന്ത്രി ജി ആർ അനിൽ. വിഷൻ 2031ന്റെ ഭാഗമായി തിരുവനന്തപുരത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിൽ വകുപ്പിന്റെ ഭാവി വികസനരേഖ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരാളും പട്ടിണികിടക്കാത്ത കേരളം സൃഷ്ടിക്കാൻ കഴിഞ്ഞത് അഭിമാനകരമാണെന്നും ഉപഭോക്തൃ സംസ്ഥാനമായിട്ടും സംസ്ഥാനം കൈവരിച്ച ഭക്ഷ്യഭദ്രത ലോകം മുഴുവൻ അംഗീകരിക്കുന്ന കേരള മോഡലിന്റെ അടിസ്ഥാനശിലകളിലൊന്നാണെന്നും അദ്ദേഹം പറഞ്ഞു.

വിവിധ പ്രായവിഭാഗങ്ങളുടെ പ്രത്യേക ഭക്ഷണ ആവശ്യകതകൾ പരിഗണിക്കുന്നതിന്റെ ഭാഗമായി സ്‌കൂൾ വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് പോഷകസമൃദ്ധമാക്കുക. പാൽ, ഇറച്ചി, ചെറുധാന്യങ്ങൾ, പയർ വർഗങ്ങൾ എന്നിവ ഉൾപ്പെടുത്തിക്കൊണ്ട് പോഷകഭദ്രത ഉറപ്പാക്കുന്ന ലൈഫ് സൈക്കിൾ അപ്രോച്ചിലേക്ക് വിദ്യാർത്ഥി സമൂഹത്തെ കൊണ്ടുവരിക, ആദിവാസി വിഭാഗങ്ങൾ, ഗർഭിണികൾ/അമ്മമാർ, കുട്ടികൾ, മുതിർന്ന പൗരന്മാർ, മത്സ്യബന്ധന തൊഴിലാളികൾ എന്നിവർക്ക് ആവശ്യമായ പോഷകാഹാരനയം രൂപീകരിക്കുക, 'ഭക്ഷണം അവകാശമാണ് ' എന്നതിൽ നിന്ന് 'പോഷകാഹാരം അവകാശമാണ് ' എന്ന തലത്തിലേക്ക് പദ്ധതിയെ ഉയർത്തുക തുടങ്ങിയവയാണ് വകുപ്പിന്റെ വിഷൻ 2031 ഭാവി വികസന പദ്ധതികൾ.

'പാകം ചെയ്ത ഭക്ഷണം' ആവശ്യമെങ്കിൽ അർഹരായവരെ കണ്ടെത്തി സൗജന്യമായി വിതരണം ചെയ്യാൻ സാധിക്കുന്ന തരത്തിൽ സുഭിക്ഷാ ഹോട്ടലുകൾ വിപുലീകരിക്കും. നിരവധി കുടുംബങ്ങൾ ഒരുമിച്ച് ചേർന്ന് ഭക്ഷണം പാചകം ചെയ്യുന്ന കൂട്ടടുക്കളകൾ സ്ഥാപിക്കുന്നതിന് സർക്കാർ പ്രോത്സാഹനം നൽകും. സാമൂഹ്യ ബന്ധങ്ങളും ഐക്യവും വളർത്താനും ഒറ്റപ്പെട്ടു പോകുന്നവർക്ക് കുറഞ്ഞ ചെലവിൽ പോഷക സമൃദ്ധമായ ഭക്ഷണം തയ്യാറാക്കി വിതരണം ചെയ്യുവാനും ഇതിലൂടെ സാധിക്കുമെന്നും വികസനരേഖ അവതരിപ്പിച്ച് മന്ത്രി പറഞ്ഞു.

സപ്ലൈകോയുടെ എല്ലാ ഡിപ്പോ ഗോഡൗണുകളും ശാസ്ത്രീയ ഗോഡൗണുകളാക്കി മാറ്റുക, കോൾഡ് സ്റ്റോറേജ് സംവിധാനം ഉൾപ്പെടെ ആധുനിക രീതിയിലുള്ള സംഭരണ പരിപാലന കേന്ദ്രങ്ങൾ സജ്ജീകരിക്കുക, ലീഗൽ മെട്രോളജി രംഗത്ത് വ്യാപാരി-വ്യവസായി സമൂഹത്തിന് അനായാസം പാലിക്കാൻ കഴിയുന്ന വിധത്തിൽ ശാസ്ത്രീയ മാർഗങ്ങൾ അവലംബിച്ച് അളവുതൂക്ക നിയമങ്ങൾ നടപ്പിലാക്കുക, നിയമങ്ങൾ വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കുന്നതോടൊപ്പം വ്യവസായ സൗഹൃദ അന്തരീക്ഷം സൃഷ്ടിക്കുക എന്നിവയും വകുപ്പിന്റെ ലക്ഷ്യങ്ങളാണ്.

നൂതന സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തി നിലവിലുള്ള ബയോമെട്രിക് ഓതന്റിക്കേഷന് പുറമെ, ഫേഷ്യൽ റെക്കഗ്‌നിഷൻ/ഐറിസ് സ്‌കാനറുകൾ ഉപയോഗിച്ച് റേഷൻ വിഹിതത്തിന്റെ വിതരണം മുടക്കമില്ലാതെ നടത്താനും സംഭരണ ഗോഡൗണുകളിലും ചരക്ക് വാഹനങ്ങളിലും വിവിധ സെൻസറുകൾ സ്ഥാപിച്ച് താപനില, ഈർപ്പം, കീടങ്ങളുടെ സാന്നിധ്യം എന്നിവ നിരീക്ഷിച്ച് ഭക്ഷ്യധാന്യങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതും പരിഗണനയിലാണ്.

ഭക്ഷ്യഭദ്രത പോഷകാഹാര ഭദ്രതയായി മാറേണ്ടത് അനിവാര്യമാണ്. അരി ആഹാരത്തിന്റെ അമിതമായ ഉപഭോഗത്തിലൂടെ കേരളീയർ കൂടുതൽ കലോറി ഉപയോഗിക്കുന്ന ജനതയായി മാറിയിരിക്കുകയാണ്. ഭക്ഷണക്രമത്തിലെ പോഷകങ്ങളുടെ അളവ് വർദ്ധിപ്പിച്ചാൽ മാത്രമേ പോഷകാഹാരത്തിലെ കുറവ് പരിഹരിക്കാൻ കഴിയുകയുള്ളൂ. മലപ്പുറം, പാലക്കാട് ജില്ലകളിലും ഇടുക്കി ജില്ലയിലെ ചില ഭാഗങ്ങളിലും പോഷകാഹാരക്കുറവ് മൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങൾ കൂടുതലാണ്.

കാലാവസ്ഥാ വ്യതിയാനം, ജനസാന്ദ്രത, സാമൂഹിക അസമത്വം തുടങ്ങിയ ബാഹ്യഘടകങ്ങൾ ഈ വിഷയങ്ങളെ സ്വാധീനിക്കാനുള്ള സാധ്യത പഠനവിഷയമാക്കും. എല്ലാ റേഷൻ കടകളെയും കെ-സ്റ്റോറുകളാക്കി മാറ്റും. മില്ലെറ്റുകൾ, പ്രാദേശികമായി കൃഷി ചെയ്ത് സംഭരിക്കുന്ന ധാന്യവിഭവങ്ങൾ എന്നിവയുടെ സംഭരണം, വിതരണം എന്നിവയിൽ കെ-സ്റ്റോറുകൾ പ്രധാന കണ്ണികളായി പ്രവർത്തിക്കുമെന്നും മന്ത്രി പറഞ്ഞു.