ഇന്ത്യയിൽ വിദേശകാര്യ മന്ത്രി എത്തിയതിന് പിന്നാലെ അഫ്‌ഗാനിൽ വൻ സ്‌ഫോടനം, പിന്നിൽ പാകിസ്ഥാനെന്ന് വിവരം, മുപ്പതുപേരെ വധിച്ചെന്ന് അറിയിപ്പ്

Friday 10 October 2025 5:58 PM IST

കാബൂൾ: അഫ്‌ഗാനിസ്ഥാൻ തലസ്ഥാനമായ കാബൂളിൽ ശക്തമായ നിരവധി സ്‌ഫോടനങ്ങളുണ്ടായതായി വിവരം. ഇത് പാകിസ്ഥാൻ സൈന്യം നടത്തിയ വ്യോമാക്രമണം ആണെന്നാണ് സൂചന. 'വിശ്വസനീയമായ രഹസ്യാന്വേഷണ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ ഓപ്പറേഷനിൽ, വെടിവപ്പിന് ശേഷം ഭീകരാക്രമണത്തിൽ പങ്കെടുത്ത 30 ഭീകരരെ നരകത്തിലേക്ക് അയച്ചു' എന്ന് പാകിസ്ഥാനിലെ ഒരു ഉന്നത സൈനികോദ്യോഗസ്ഥൻ പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

വ്യാഴാഴ്‌ച രാത്രി 9.50ന് സംഭവിച്ച സ്‌ഫോടനങ്ങളിൽ ആർക്കെങ്കിലും അപകടം സംഭവിച്ചോ എന്ന് ഇതുവരെ പ്രാദേശിക ഭരണകൂടം വിവരം പുറത്തുവിട്ടിട്ടില്ല. നാശനഷ്‌ടങ്ങളോ മരണങ്ങളോ ഉണ്ടായതായി അറിവില്ലെന്ന് താലിബാൻ വക്താവ് സബീഹുള്ള മുജാഹിദ് അറിയിച്ചു. സംഭവത്തിൽ താലിബാൻ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അപായ സൈറനുകൾ മുഴങ്ങിയതോടെ സ്ഥലത്തെ താമസക്കാരും വിദേശികളും സുരക്ഷിത സ്ഥാനത്തേക്ക് മാറിയെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ പറയുന്നു.

അഫ്‌ഗാനിലെ വിവിധ മന്ത്രാലയങ്ങൾ സ്ഥിതിചെയ്യുന്ന അബ്‌ദുൾ ഹഖ് സ്‌ക്വയറിൽ ചുരുങ്ങിയത് രണ്ട് സ്‌ഫോടനമെങ്കിലും ഉണ്ടായതായി റിപ്പോർട്ടുകളുണ്ട്. ഇവിടെയാണ് ഇന്റലിജൻസ് ഏജൻസിയും പ്രവർത്തിക്കുന്നത്. 2021ൽ താലിബാൻ അഫ്‌ഗാനിൽ ഭരണം പിടിച്ചശേഷം ആദ്യമായി ഇന്ത്യയിൽ ഒരു താലിബാൻ നേതാവ് സന്ദർശനം നടത്തി മണിക്കൂറുകൾക്കകമാണ് കാബൂളിൽ ആക്രമണം ഉണ്ടായത്. അഫ്‌ഗാൻ വിദേശകാര്യ മന്ത്രി അമിർ ഖാൻ മുതക്വിയാണ് ഇന്ത്യ സന്ദർശിക്കുന്നത്. തങ്ങളോട് കളിക്കരുതെന്ന് സംഭവത്തിൽ പാകിസ്ഥാന് മുതക്വി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.