ഒരൊറ്റ മണിക്കൂർ, മലയാളത്തിലെ ആദ്യ ഒടിടി മിനി ഫീച്ചർ സിനിമ 'പി ഡബ്ള്യൂഡി'

Friday 10 October 2025 6:17 PM IST

വിവാഹത്തിനു ശേഷം യുകെയിലേക്ക് ഭാര്യയോടൊപ്പം പോകാനായി, ഇന്ത്യൻ സ്‌പെഷ്യൽ മര്യേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയുന്ന ഡേവിസും ഐലീനും എന്ന രണ്ട് കേന്ദ്ര കഥാപാത്രങ്ങൾ. പക്ഷേ വിവാഹത്തിന് മണിക്കൂറുകൾക്ക് മുമ്പ് വധു ആയ ഐലീൻ അവരുടെ മാര്യേജ് സർട്ടിഫിക്കറ്റിൽ ഒരു എക്സ്പയറി ഡേറ്റ് വേണമെന്ന ആവശ്യം മുന്നോട്ടു വെയ്ക്കുന്നു. കേൾക്കുമ്പോൾ നിസ്സാരമെന്ന് തോന്നുമെങ്കിലും ഇന്ത്യയുടെ കുടുംബ സംവിധാനത്തെ തന്നെ ഇല്ലാതാക്കുന്ന ഒരു വിപ്ലവകരമായ ആശയം ആണ് 'പി ഡബ്ള്യു ഡി' എന്ന ചിത്രം കൊണ്ടുവന്നത്. കോൺവെർസേഷണൽ ഡിബേറ്റ് എന്ന മലയാളത്തിൽ അധികം പരിചയിച്ചിട്ടില്ലാത്ത ഒരു ജോണർ ആണ് സിനിമയ്ക്ക് ഉള്ളത്. ഊട്ടിയിലെ മനോഹരമായ ഒരു ബംഗ്ലാവും അതിന്റെ പരിസരത്തുമാണ് കഥ നടക്കുന്നത് . ബ്രിട്ടീഷ് ഓസ്‌ട്രേലിയൻ സിനിമാറ്റോഗ്രാഫർ സൂസൻ ലംസഡൻ ആദ്യമായി ചെയുന്ന ഇന്ത്യൻ സിനിമ കൂടിയാണ് 'പി ഡബ്ള്യു ഡി'. ചിത്രത്തിന്റെ പ്രധാന ആകർഷണവും കളർഫുൾ വിഷ്വൽസ് തന്നെയാണ്. 'ഐ ആം കാതലൻ' , 'ജയ് മഹേന്ദ്രൻ' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ സിദ്ധാർത്ഥ പ്രദീപ് ചിത്രത്തിൽ സംഗീതം ഒരുക്കിയിരിക്കുന്നു. ചിത്രത്തിന്റെ ആസ്വാദ്യത ഉയർത്തുന്നതിൽ സിദ്ധാർത്ഥ പ്രദീപിന്റെ മ്യൂസിക് വളരെയധികം സഹായിക്കുന്നുണ്ട്. മാറുന്ന കാലഘട്ടത്തിൽ ഒരു ആശയം രസകരമായി അവതരിപ്പിക്കാൻ, രണ്ടര മണിക്കൂർ ദൈർഘ്യം വലിച്ചു നീട്ടേണ്ട ആവശ്യമില്ല എന്ന് സംവിധായകനും എഴുത്തുകാരനുമായ ജോ ജോസഫ് സിനിമയുടെ പ്രാരംഭഘട്ടത്തിൽ തന്നെ തീരുമാനിച്ചിരുന്നു. ഒരു മണിക്കൂറ് ദൈർഘ്യം ആണ് ചിത്രത്തിനുള്ളത്. മലയാളത്തിലെ ആദ്യത്തെ ഒടിടി മിനി ഫീച്ചർ സിനിമ കൂടിയാണ് 'പി ഡബ്ള്യു ഡി'. ശ്യാം ശശിധരന്റെ പുതുമയുള്ള എഡിറ്റിംഗ് പറ്റേൺ സിനിമയുടെ ഒഴുക്കിനെ വളരെ സഹായിക്കുന്നുണ്ട്. വളരെ പുതുമ തോന്നുന്ന ഒരു ലെക്കേഷൻ സെറ്റിംഗിന് ഇന്ത്യൻ നാഷണൽ അവാർഡ് വിന്നർ ആയ സൗണ്ട് ഡിസൈനർ സിനോയ് ജോസഫ് വിന്യസിച്ചിരിക്കുന്ന സൗണ്ട് ഡിസൈനും മികച്ചതാണ്. കളറിംഗ് നിർവ്വഹിച്ചിരിക്കുന്നത് സ്റ്റേറ്റ് അവാർഡ് വിന്നർ ലിജു പ്രഭാകറാണ്. അജയ് തുണ്ടത്തിലാണ് ചിത്രത്തിന്റെ പിആർഓ. പി ഡബ്ള്യു ഡി സംസാരിക്കുന്ന വിഷയം എല്ലാത്തരം പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുമെന്ന് കരുതാൻ സാധിക്കില്ല. ചില സീനുകളിലെ സംഭാഷണങ്ങൾ ഹാസ്യാത്മകം ആണെങ്കിലും വളരെ കുറച്ചുപേരെ എങ്കിലും അത് അലോസരപ്പെടുത്താൻ സാധ്യതയുണ്ട്. പുതുമുഖം ആയ സുഹാസ് വിഷ്ണു അവതരിപ്പിച്ച ടോണി മത്തങ്ങാപറമ്പിൽ എന്ന കഥാപാത്രം വളരെ മികച്ച പ്രകടനം ആയിരിന്നു എന്ന സോഷ്യൽ മീഡിയയിൽ കമന്റുകൾ വരുന്നു എങ്കിലും, ആ കഥാപാത്രം മറ്റു ചിലരെ പ്രകോപനപരമായി അലോസരപ്പെടുത്തി എന്നും കമന്റുകളിൽ നിന്ന് മനസിലാക്കാം. സിനിമ, വിവാഹം, മൈഗ്രേഷൻ, മതം, അങ്ങനെ പലതിനെയും പരാമർശിച്ചും വിമർശിച്ചും ആണ് സിനിമ മുന്നേറുന്നതും അവസാനിക്കുന്നതും. പി ഡബ്ള്യു ഡി സൈനപ്ലേയിൽ ലഭ്യമാണ്‌.