ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ നാല് എസ്കലേറ്ററുകൾ കൂടി

Saturday 11 October 2025 2:51 AM IST

നവീകരണം ഡിസംബറിൽ പൂർത്തിയാകും

ആലപ്പുഴ: ആലപ്പുഴ റെയിൽവേ സ്റ്റേഷൻ നവീകരണം ഡിസംബറിൽ പൂർത്തിയാകുമെന്ന് കെ.സി. വേണുഗോപാൽ എം.പി പറഞ്ഞു. ആലപ്പുഴ ലോക്സഭ മണ്ഡലത്തിലെ റെയിൽവേ സ്റ്റേഷനുകളിൽ നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങളുടെ പുരോഗതി വിലയിരുത്തുന്നതിനും പുതിയ പദ്ധതികളെപ്പറ്റി ചർച്ച ചെയ്യുന്നതിനുമായി നടത്തിയ സന്ദർശനത്തിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തരപുരം ഡിവിഷണൽ റെയിൽവേ മാനേജർ ദിവ്യകാന്ദ് ചന്ദ്രാകർ ഉൾപ്പടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരും എം.പിക്കൊപ്പമുണ്ടായിരുന്നു. കരുനാഗപ്പള്ളി മുതൽ തുറവൂർ വരെയുള്ള സ്റ്റേഷനുകളിലായിരുന്നു സന്ദർശനം.

റെയിൽവേ സ്റ്റേഷനുകൾക്കായി നിരവധി വികസന പ്രവർത്തനങ്ങൾ പാസാക്കിയിട്ടുണ്ടെങ്കിലും എല്ലാം മന്ദഗതിയിലാണ്. ആലപ്പുഴ സ്റ്റേഷനിലും നിർമ്മാങ്ങപ്രവർത്തനങ്ങൾ മെല്ലെപ്പോക്കിലായിരുന്നു. നിലവിലെ റെയിൽവേ സ്റ്റേഷൻ നവീകരണത്തിനു പുറമേ 4 എസ്‌കലേറ്ററുകളും ആലപ്പുഴ റെയിൽവേ സ്റ്റേഷന് അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ പൂർത്തിയാകാൻ നാലുമാസം വേണ്ടിവരും.

ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറിനു സമീപത്ത് മലിനജലം ഒഴുകുന്നതിന് പരിഹാരം കാണണമെന്ന് എം.പി റെയിൽവേ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ആലപ്പുഴ റെയിൽവേ സ്റ്റേഷനിലെത്തിയ എം.പി നിർമ്മാണം നടക്കുന്ന ഫുട്ട് ഓവർ ബ്രിഡ്ജ്, പ്രധാന കവാടം, ടിക്കറ്റ് കൗണ്ടർ, സ്ത്രീകളുടെ വിശ്രമ മുറി എന്നിവിടങ്ങളും സന്ദർശിച്ചു.

ഇരട്ടപ്പാതയിൽ നിർണായക തീരുമാനം

 അമ്പലപ്പുഴ-ആലപ്പുഴ, ആലപ്പുഴ- മാരാരിക്കുളം, മാരാരിക്കുളം- ചേർത്തല, ചേർത്തല- തുറവൂർ എന്നിങ്ങനെ നാലു സ്‌ട്രെച്ചുകളായി പാത വികസനം നടത്തും

 അമ്പലപ്പുഴ മുതൽ തുറവൂർ വരെ ഒറ്റ സ്‌ട്രെച്ചായി എടുക്കാനായിരുന്നു നേരത്തെയുള്ള തീരുമാനം

 അതിന് 1000 കേടി രൂപയിയിലധികം രൂപ ചെലവാകുമെന്നതിനാൽ പദ്ധതിക്ക് പ്രധാന മന്ത്രയിയുടെ അംഗീകാരം വേണമായിരുന്നു

കഴിഞ്ഞ ദിവസം റെയിൽവേ മന്ത്രിയെ നേരിൽ കണ്ടു സംസാരിച്ചിരുന്നു. സ്റ്റോപ് അനുവദിക്കുന്ന കാര്യത്തിൽ പലയിടത്തുനിന്നും ആവശ്യങ്ങളുയരുന്നുണ്ട്. ഇതെല്ലാം കൂട്ടായി ചർച്ചചെയ്യും

- കെ.സി.വേണുഗോപാൽ എം.പി