ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ആത്മഹത്യ; എസ്.ഐ.ടി രൂപീകരിച്ചു

Saturday 11 October 2025 3:07 AM IST

 ഡി.ജി.പിക്കും എസ്.പിക്കും കേസ്

ചണ്ഡിഗർ: ഐ.പി.എസ് ഉദ്യോഗസ്ഥൻ പുരൺ കുമാർആത്മഹത്യ ചെയ്ത കേസിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. കേസുമായി ബന്ധപ്പെട്ട് ഹരിയാന ഡി.ജി.പിക്കും എസ്.പിക്കുമെതിരെ കേസെടുത്തതിന് പിന്നാലെയാണിത്,​ പുരൺ കുമാറിന്റെ ഭാര്യയും ഐ.എ.എസ് ഉദ്യോഗസ്ഥയുമായ അൻമീത് പി.കുമാർ നൽകിയ പരാതിയിൽ ഡി.ജി.പി ശത്രുജീത് സിംഗ് കപൂർ, റോഹ്‌തക് എസ്.പി നരേന്ദ്ര ബിജാർനിയ എന്നിവർക്കെതിരെയാണ് കേസെടുത്തത്. പട്ടികജാതി,​ പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമം ഇവർക്കെതിരെ ചുമത്തിയിട്ടുണ്ട്.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് പുരൺ ചണ്ഡിഗറിലെ വസതിയിൽ വെടിവച്ച് ജീവനൊടുക്കിയത്. ആത്മഹത്യാ കുറിപ്പിൽ ഡി.ജി.പി ഉൾപ്പെടെ സർവീസിലുള്ളവരും വിരമിച്ചവരുമായ 11 ഉദ്യോഗസ്ഥരെക്കുറിച്ച് പരാമർശിച്ചിരുന്നു. ജാതിയുടെ പേരിൽ പുരണിനെ അധിക്ഷേപിച്ചെന്നും മാനസിക പീഡനമാണ് ആത്മഹത്യക്കുകാരണമെന്നും അൻമീത് ആരോപിച്ചിരുന്നു. 2001 ബാച്ച് ഓഫീസറായ പുരൺ,​ അഡിഷണൽ ഡയറക്ടർ ജനറൽ ഒഫ് പൊലീസ് ഉദ്യോഗസ്ഥനായിരുന്നു. സെപ്തംബർ 29നാണ് റോഹ്തക്കിലെ സുനാരിയയിലുള്ള പൊലീസ് ട്രെയിനിങ് സെന്ററിൽ നിയമിതനായത്.