കരൂർ ദുരന്തം: മദ്രാസ് ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി

Saturday 11 October 2025 1:11 AM IST

ന്യൂഡൽഹി: കരൂർ ദുരന്തം മദ്രാസ് ഹൈക്കോടതി കൈകാര്യം ചെയ്‌ത രീതി ചോദ്യം ചെയ്‌ത് സുപ്രീംകോടതി. സി.ബി.ഐ അന്വേഷിക്കണമെന്ന ഹർജി ഒക്ടോബർ മൂന്നിന് ഹൈക്കോടതിയുടെ മധുര ബെഞ്ച് തള്ളിയിരുന്നു. അന്നേദിവസം മദ്രാസ് ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ച് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) രൂപീകരിക്കാൻ ഉത്തരവിട്ടു. കരൂർ മേഖല മധുര ബെഞ്ചിന്റെ അധികാരപരിധിയിലാണെന്നും ചെന്നൈയിലെ പ്രിൻസിപ്പൽ ബെഞ്ചിന് എങ്ങനെ ഉത്തരവിറക്കാൻ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചു. ദുരന്തവുമായി ബന്ധപ്പെട്ട ഹ‌ർജി മധുര ബെഞ്ച് തള്ളിയ സാഹചര്യത്തിൽ എന്തിനാണ് മറ്റൊരു ഹർജിയിൽ പ്രിൻസിപ്പൽ ബെഞ്ച് ഇടപെട്ടത്. റാലികൾ നടത്തുന്നതിൽ രാഷ്ട്രീയ പാർട്ടികൾക്ക് പ്രത്യേക മാർഗരേഖ പുറപ്പെടുവിക്കണമെന്ന ഹർജിയിലാണ് എസ്.ഐ.ടി രൂപീകരിക്കാനുള്ള ഉത്തരവെന്നും ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എൻ.വി. അൻജാരിയ എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

വിധി പറയാൻ മാറ്റി

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട ഹർജികളിൽ വാദം പൂർത്തിയായതിനെ തുടർന്ന് സുപ്രീംകോടതി വിധി പറയാൻ മാറ്റി. എസ്.ഐ.ടി രൂപീകരിച്ച മദ്രാസ് ഹൈക്കോടതിയുടെ പ്രിൻസിപ്പൽ ബെഞ്ചിന്റെ നടപടിക്കെതിരെ നടൻ വിജയ് നേതൃത്വം നൽകുന്ന ടി.വി.കെ പാർട്ടി സമർപ്പിച്ച ഹർജിയും​ സംഭവം സി.ബി.ഐ അന്വേഷിക്കണമെന്ന മറ്റു ഹർജികളുമാണ് കോടതിക്ക് മുന്നിലുള്ളത്. സുപ്രീംകോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്നാണ് ടി.വി.കെ സെക്രട്ടറി ആദവ് അർജുന സമർപ്പിച്ച ഹർജിയിലെ ആവശ്യം. തമിഴ്നാട് പൊലീസിലെ ഉദ്യോഗസ്ഥരെ മാത്രം എസ്.ഐ.ടിയിൽ ഉൾപ്പെടുത്തിയ ഹൈക്കോടതി നടപടിയെ എതിർത്തു. സംഭവത്തിന് പിന്നാലെ വിജയ് സ്ഥലംവിട്ടു, യാതൊരു പശ്ചാത്താപവും പ്രകടിപ്പിച്ചില്ല തുടങ്ങിയ ഹൈക്കോടതി പരാമർശങ്ങളെയും ചോദ്യംചെയ്‌തു. ഇക്കഴിഞ്ഞ സെപ്‌തംബർ 27നാണ് കരൂരിലെ ടി.വി.കെ റാലിയിൽ ദുരന്തമുണ്ടായത്.