സുബീൻ ഗാർഗിന്റെ മരണം: രണ്ട് പേർ കൂടി അറസ്റ്റിൽ
ഗുവാഹത്തി: ഗായകൻ സുബീൻ ഗാർഗിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽരണ്ട് പേഴ്സണൽ സെക്യൂരിറ്റി ഓഫീസർമാർ കൂടി (പി.എസ്.ഒ) അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടുവിൽനന്ദേശ്വർ ബോറ, പരേഷ് ബൈഷ്യ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ബാങ്ക് അക്കൗണ്ടുകളിൽവരുമാനത്തേക്കാൾ ഉയർന്ന സാമ്പത്തിക ഇടപാടുകൾ കണ്ടെത്തിയതോടെ ഇരുവരും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു.നന്ദേശ്വർ ബോറയും പരേഷ് ബൈഷ്യയുംതമ്മിൽ ലക്ഷങ്ങളുടെ സാമ്പത്തിക ഇടപാട് നടന്നതായും കണ്ടെത്തിയിട്ടുണ്ട്.ഒരാളുടെഅക്കൗണ്ടിൽ 70 ലക്ഷം രൂപയും മറ്റേയാളുടെ അക്കൗണ്ടിൽ 40 ലക്ഷം രൂപയുമുണ്ടായിരുന്നു.ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സുബീൻ പി.എസ്.ഒമാർക്ക് പണം നൽകിയതായി അറിയാമായിരുന്നുവെന്നും എന്നാൽ മറ്റ് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അറിവില്ലെന്നും സുബീന്റെ ഭാര്യ ഗരിമ സൈകിയ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതോടെ സുബീന്റെ മരണവുമായി അറസ്റ്റിലാകുന്നവരുടെ എണ്ണം ഏഴായി.സിംഗപ്പൂരിലെ നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകനു മഹന്ത, സുബീന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മ, ബാൻഡ് അംഗം ശേഖർ ജ്യോതി ഗോസ്വാമി, ഗായകൻ അമൃത്പ്രവ മഹന്ത, സുബീന്റെ ബന്ധുവും പൊലീസുദ്യോഗസ്ഥനുമായ സന്ദീപൻ ഗാർഗ്എന്നിവരാണ് നേരത്തേ അറസ്റ്റിലായത്. മഹന്തയ്‌ക്കെതിരെ സാമ്പത്തിക തിരിമറിക്കും കേസെടുത്തിട്ടുണ്ട്. ഇയാളുടെ ഗുവാഹത്തിയിലെ വീട്ടിൽ നടന്ന റെയ്ഡിൽ നിരവധി വ്യാജ സീലുകളും ഡോക്യുമെന്റുകളും കണ്ടെടുത്തിരുന്നു. വരുംദിവസങ്ങളിൽ കൂടുതൽ റെയ്ഡുകൾ നടക്കും. സെപ്തംബർ 19നാണ് സിംഗപ്പൂരിൽ പരിപാടിക്കെത്തിയ 52കാരനായ സുബീൻ സ്‌കൂബാ ഡൈവിംഗിനിടെ മരണപ്പെട്ടത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സുബീന്റേത് മുങ്ങിമരണമാണെന്ന നിഗമനത്തിലായിരുന്നു ആദ്യം പൊലീസ്. പിന്നീട് ദുരൂഹതകളുയരുകയായിരുന്നു. സുബീന്റെ ഭാര്യ ഗരിമയും ദുരൂഹത ആരോപിച്ചിരുന്നു.