ജമ്മു കാശ്‌മീരിന്റെ സംസ്ഥാന പദവി: കേന്ദ്ര നിലപാട് തേടി സുപ്രീംകോടതി

Saturday 11 October 2025 1:15 AM IST

ന്യൂഡൽഹി: ജമ്മു കാശ‌്മീരിന്റെ സംസ്ഥാന പദവി എപ്പോൾ പുനഃസ്ഥാപിക്കുമെന്നതിൽ കേന്ദ്രസർക്കാരിന്റെ വിശദീകരണം തേടി സുപ്രീംകോടതി. സമയബന്ധിതമായി പുനഃസ്ഥാപിക്കുന്നതിന്റെ സമയക്രമം നിശ്ചയിക്കണമെന്ന ഹ‌ർജികളിലാണ് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ എന്നിവരടങ്ങിയ ബെഞ്ചിന്റെ നിർദ്ദേശം. ആറാഴ്ചയ്‌ക്കകം മറുപടി നൽകണം. താഴ്‌വരയിലെ 99.9 ശതമാനം പേരും സന്തുഷ്‌ടരെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്നലെ കോടതിയെ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പ് സമാധാനപൂർവമായി നടത്തി. തിരഞ്ഞെടുക്കപ്പെട്ട സർക്കാ‌ർ ഭരണത്തിൽ വന്നു. അതേസമയം പഹൽഗാമിൽ അടക്കം ഭീകരാക്രമണങ്ങളുണ്ടായി. പദവി പുനഃസ്ഥാപിക്കുമ്പോൾ എല്ലാ കാര്യങ്ങളും പരിശോധിക്കേണ്ടതുണ്ട്. ജമ്മു കാശ്‌മീർ സ‌ർക്കാരും കേന്ദ്രവുമായി ചർച്ചകൾ നടക്കുകയാണെന്നും സോളിസിറ്റർ ജനറൽ വ്യക്തമാക്കി. ഹർജികളെ പൂർണമായ അർത്ഥത്തിൽ വിശ്വസിക്കാനാകില്ലെന്നും സൂചിപ്പിച്ചു. 2019ലാണ് പദവി എടുത്തുമാറ്റിയതെന്നും, ഇപ്പോൾ 2025 ആയെന്നും ഹർജിക്കാരുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ വാദിച്ചു. പദവി പുന:സ്ഥാപിക്കുമെന്ന് കേന്ദ്രം സുപ്രീംകോടതിക്ക് നൽകിയ ഉറപ്പ് പാലിച്ചാൽ മതിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.