മനു ആന്റണി സംവിധായകനാകുന്നു, നായകൻ സൗബിൻ
ഛായാഗ്രഹണം: ആഷിഖ് അബു
ചിത്രസംയോജകൻ മനു ആന്റണി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ നായകൻ. കോഴിക്കോട് കുറ്റ്യാടിയിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ആഷിഖ് അബുവിന്റെ ഒ.പി.എം സിനിമാസും സൗബിൻ ഷാഹിറിന്റെ പറവ ഫിലിംസും ചേർന്നാണ് നിർമ്മാണം. ലൗലി, റൈഫിൾ ക്ളബ് എന്നീ ചിത്രങ്ങൾക്കുശേഷം ആഷിഖ് അബു ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം കൂടിയാണ്. പദ്‌മിനി, ക്രിസ്റ്റി, ഇരട്ട, പണി തുടങ്ങിയ ചിത്രങ്ങളുടെ എഡിറ്റിംഗ് നിർവഹിച്ച മനു ആന്റണി വിക്കി എന്ന ഹ്രസ്വചിത്രവും, ചെറുപുഞ്ചിരി എന്ന മ്യൂസിക് വീഡിയോയും ഒരുക്കിയിട്ടുണ്ട്.
രജനികാന്ത് ചിത്രം കൂലിയിലെ ശക്തമായ പ്രതിനായക വേഷത്തിനുശേഷം സൗബിൻ ഷാഹിർ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.
മായാനദി, റാണി പദ‌്‌മിനി, വൈറസ് എന്നീ ആഷിഖ് അബു ചിത്രങ്ങളിൽ സൗബിൻ ഷാഹിർ അഭിനയിച്ചിട്ടുണ്ട്. അജയൻ ചാലിശേരി ആണ് പ്രൊഡക്‌ഷൻ ഡിസൈനർ.
അതേസമയം, മനു ആന്റണി ചിത്രത്തിനുശേഷം മറ്റൊരു സിനിമയിലും അഭിനയിക്കാൻ ഒരുങ്ങുകയാണ് സൗബിൻ ഷാഹിർ. ഈ ചിത്രത്തിനുശേഷം ദുൽഖർ സൽമാൻ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യും, പറവയ്ക്കുശേഷം സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്. ദുൽഖർ സൽമാൻ നായകനായി ഒാതിരം കടകം എന്ന ചിത്രം സൗബിൻ തീരുമാനിച്ചിരുന്നു. എന്നാൽ മറ്റൊരു ചിത്രം ആണ് ദുൽഖർ സൽമാൻ നായകനായി സൗബിൻ സംവിധാനം ചെയ്യാൻ പോകുന്നത്.