കഠിനംകുളം കായലിൽ മണലും ചെളിയും മത്സ്യബന്ധനത്തിന് തടസമാകുന്നു

Saturday 11 October 2025 3:36 AM IST

മുടപുരം: മത്സ്യബന്ധനത്തിന് തടസം സൃഷ്ടിക്കുന്ന മണലും ചെളിയും എക്കലും കഠിനംകുളം കായലിൽ നിന്ന് നീക്കം ചെയ്യണമെന്ന് അഴൂർ പഞ്ചായത്തിലെ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. അഴൂർ പഞ്ചായത്തിന്റെ കിഴക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന കഠിനംകുളം കായലിൽ വ്യാപകമായി മണലും ചെളിയും എക്കലും വന്ന് നികന്നിട്ട് ഏറെ നാളായി. ഇതുമൂലം വള്ളത്തിലും ബോട്ടിലും സഞ്ചരിച്ച് മത്സ്യബന്ധനം നടത്താൻ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് കഴിയാത്ത സ്ഥിതിയാണ്. വേലിയേറ്റവും വേലിയിറക്കവും ശരിയായി ലഭിക്കുന്നുമില്ല. ഈ പ്രശ്നത്താൽ കായൽ വിഭവങ്ങളായ കൊഞ്ച്, കരിമീൻ, പരിച്ചിൽ എന്നിവയുടെ വംശനാശം സംഭവിക്കുന്നതായും മത്സ്യത്തൊഴിലാളികൾ പറയുന്നു. ഈ മത്സ്യങ്ങൾ നല്ല വരുമാനം നൽകുന്നവയാണ്.

ഭീതിയിൽ തൊഴിലാളികൾ

മത്സ്യബന്ധനം നടത്താൻ കഴിയാത്തതിനാൽ പഞ്ചായത്തിലെ 500ഓളം മത്സ്യത്തൊഴിലാളികൾക്ക് സാമ്പത്തിക ബുദ്ധിമുട്ടുമൂലം ജീവിത പ്രാരാബ്ധങ്ങളേറുകയാണ്. കായലിലെ മണലും ചെളിയും എക്കലും മൂലം മത്സ്യത്തൊഴിലാളികൾക്ക് പുറമെ കയർത്തൊഴിലാളികൾക്കും തൊഴിൽ നഷ്ടപ്പെടുമെന്ന ഭീതിയുണ്ട്.

പ്രമേയം അവതരിപ്പിച്ചു

കഠിനംകുളം കായലിൽ നിന്ന് മണലും ചെളിയും എക്കലും നീക്കം ചെയ്യണമെന്നാവശ്യപ്പെടുന്ന പ്രമേയം പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.സുര,അഴൂർ പഞ്ചായത്ത് കമ്മിറ്റിയിൽ അവതരിപ്പിക്കുകയും അത് പാസാക്കി ബന്ധപ്പെട്ട അധികാരികൾക്ക് നൽകാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.

ഉൾനാടൻ ജലഗതാഗത വകുപ്പാണ് കായലിൽ നിന്ന് മണലും ചെളിയും എക്കലും നീക്കം ചെയ്യേണ്ടത്