കുളക്കോടുകാരെ കുഴിയിൽ വീഴ്ത്തി ഓട നിർമ്മാണം വാളിയറ റോഡിൽ അപകടം പതിവ്
നെടുമങ്ങാട്: നവീന സാങ്കേതിക വിദ്യയിൽ റോഡ് പണിയുന്നു എന്നറിഞ്ഞപ്പോൾ അരുവിക്കര പഞ്ചായത്തിലെ കുളക്കോട്-വാളിയറ നിവാസികൾ ആശ്വസിച്ചിരുന്നതാണ്. എന്നാൽ ഓട നിർമ്മാണം പാതിവഴിയിൽ നിറുത്തി അധികൃതർ മുങ്ങിയതോടെ ദുരിതത്തിലുമായി. അരുവിക്കര-കുളക്കോട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ഓടയ്ക്കായി കുഴിയെടുത്ത ശേഷം അധികൃതർ പിന്നെ ഈവഴി വന്നിട്ടില്ലെന്നാണ് നാട്ടുകാരുടെ പരാതി. മഴ പെയ്യുമ്പോൾ ചെളിയും മണ്ണും ഉരുളൻ കല്ലുകളും റോഡിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഉയർന്ന പ്രദേശമായ ശങ്കരമുഖത്തുനിന്നും ഓടയിലൂടെ ഒലിച്ചിറങ്ങുന്ന മണ്ണ് വാളിയറ റോഡിൽ കുന്നുകൂടി അപകടം തുടർക്കഥയാകുന്ന അവസ്ഥയിലാണ്. ഇരുചക്ര വാഹന യാത്രക്കാർ വീണുതുടങ്ങിയതോടെ നാട്ടുകാർ റോഡിലിറങ്ങി മണ്ണും കല്ലും മാറ്റിയെങ്കിലും അടുത്ത മഴയിൽ വീണ്ടും മണ്ണൊലിച്ചിറങ്ങും.
ടാറിംഗ് പണികൾ പൂർത്തിയായിട്ടില്ല
കാലങ്ങളായി തകർന്നടിഞ്ഞുകിടന്ന നാലു കിലോമീറ്ററോളം ദൂരമുള്ള റോഡിൽ എഫ്.ഡി.ആർ സാങ്കേതിക വിദ്യയിൽ അറ്റകുറ്റപണികൾ ചെയ്ത് ടാറിംഗ് നടത്തിയെങ്കിലും പൂർത്തിയായിട്ടില്ല. കലുങ്കുകൾ വരുന്ന ഭാഗത്ത് ടാറിംഗ് പണികളും അവശേഷിക്കുന്നുണ്ട്. വേഗത്തിൽ വരുന്ന ഇരുചക്ര വാഹനങ്ങളുൾപ്പെടെ ശ്രദ്ധിച്ചില്ലെങ്കിൽ നിയന്ത്രണം വിട്ട് അപകടത്തിൽപ്പെടുമെന്നത് ഉറപ്പാണ്. വേഗത നിയന്ത്രിക്കുന്നതിനു വേണ്ടിയുള്ള മുന്നറിയിപ്പ് ബോർഡുകളൊന്നും ഇവിടെ സ്ഥാപിച്ചിട്ടില്ല.
റോഡിനിരുവശത്തുമായി ഓടകൾ നിർമ്മിക്കുന്ന പ്രോജക്ടാണ് തുടക്കത്തിലേ മുടന്തുന്നത്. ഓടയ്ക്കായെടുത്ത കുഴികൾ പണിപൂർത്തിയാക്കി അടയ്ക്കാത്തതിനാൽ ദിവസവും നിരവധി പേരാണ് അപകടത്തിൽപ്പെടുന്നത്. ശങ്കരമുഖം ഗവൺമെന്റ് എൽ.പി സ്കൂളിനു സമീപത്തെ വളവിലും ട്രാൻസ്ഫോർമറിനടുത്തുമായി വെള്ളനാട്,കണ്ണമ്പള്ളി സ്വദേശികളായ രണ്ടുപേർ അപകടത്തിൽപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. എതിരെ വന്ന ബസിന് സൈഡ് കൊടുക്കുന്നതിനിടെ ഓടയിലേക്ക് വീണ ഇവർ പരിക്കുകളോടെയാണ് രക്ഷപ്പെട്ടത്.
അപകടാവസ്ഥ പരിഹരിക്കണം
വീതി കുറവും വളവുകളുമുള്ള റോഡിൽ ജീവൻ പണയം വെച്ചാണ് യാത്രക്കാർ സഞ്ചരിക്കുന്നത്. ഓട നിർമ്മാണം അടിയന്തരമായി പൂർത്തിയാക്കി പ്രദേശത്തെ അപകടാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ ആവിഷ്കരിച്ച് രംഗത്തുവന്നിരിക്കുകയാണ് നാട്ടുകാർ.