ബസുകൾക്ക് വേണം പാർക്കിംഗ് ഷെൽട്ടർ
വക്കം: അഞ്ചുതെങ്ങ് തീരദേശം കേന്ദ്രീകരിച്ച് യാത്രാ ബസുകൾക്ക് പാർക്കിംഗ് ഷെൽട്ടർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തം. മുതലപ്പൊഴി മുതൽ നെടുങ്ങണ്ട വരെ നീണ്ടുകിടക്കുന്ന തീരദേശ മേഖല കേന്ദ്രീകരിച്ചാണ് യാത്രാബസുകൾക്ക് പാർക്കിംഗ് ഷെൽട്ടർ സൗകര്യം ഒരുക്കണമെന്ന ആവശ്യം ശക്തമാകുന്നത്.നിലവിൽ അഞ്ചുതെങ്ങിൽ നിന്ന് ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസ് സർവീസുകൾക്ക് പാർക്കിംഗ് സൗകര്യമില്ലാത്തത് ട്രിപ്പ് മടങ്ങുന്നതിന്പോലും കാരണമാകുന്നുണ്ട്. കഷ്ടിച്ച് ഒരു വലിയ വാഹനത്തിന് മാത്രം കടന്നുപോകാനാവുന്ന തീരദേശപാതയിൽ വലിയ വാഹനങ്ങൾ പാർക്ക് ചെയ്യുക വളരെയേറെ ദുഷ്കരമാണ്. അതിനാൽ യാത്രാബസുകൾ സൗകര്യമുള്ള മറ്റിടങ്ങളിലേക്ക് കൊണ്ടുപോകുകയാണ് പതിവ്.
സൗകര്യങ്ങളില്ലാത്തതിൽ
ബുദ്ധിമുട്ട്
ആവശ്യത്തിന് ശുചിമുറി ഉൾപ്പെടെയുള്ള സൗകര്യങ്ങളില്ലാത്തത് കെ.എസ്.ആർ.ടി.സി ബസുകളിലെയടക്കം വനിതാ ജീവനക്കാരെ വളരെയേറെ ബുദ്ധിമുട്ടിക്കുന്നു. പലപ്പോഴും ബസ് ജീവനക്കാർ പ്രാഥമികാവശ്യങ്ങൾക്കായി സമീപത്തെ വീടുകളെ ആശ്രയിക്കേണ്ട അവസ്ഥയാണ്.
പുതിയ സർവീസുകൾ
ആരംഭിക്കാനാവും
നിലവിൽ, അഞ്ചുതെങ്ങ്, വേങ്ങോട്,മുതലപ്പൊഴി - ആറ്റിങ്ങൽ,അഞ്ചുതെങ്ങ് - പൊഴിയൂർ,അഞ്ചുതെങ്ങ് - കാരേറ്റ് തുടങ്ങി അഞ്ചുതെങ്ങിൽ നിന്നാരംഭിച്ച് അവസാനിക്കുന്ന നിരവധി സർവീസുകളാണുള്ളത്. ഇവയ്ക്കുപുറമെ, തീരദേശ ഹൈവേയും വക്കം കടവുപാലവും യാഥാർത്ഥ്യമാകുന്നതോടെ ഈ മേഖലയിലൂടെ അഞ്ചുതെങ്ങ് - കൊല്ലം ഹാർബർ, അഞ്ചുതെങ്ങ് - വക്കം, ആറ്റിങ്ങൽ, അഞ്ചുതെങ്ങ് - പൂത്തുറ - ചിറയിൻകീഴ് ആറ്റിങ്ങൽ, അഞ്ചുതെങ്ങ് - മുതലപ്പൊഴി - വിഴിഞ്ഞം തുടങ്ങി നിരവധി പുതിയ സർവീസുകൾ ആരംഭിക്കാനാവും. ഈ സർവീസുകൾക്ക് അഞ്ചുതെങ്ങ് കേന്ദ്രമാക്കിയുള്ള പാർക്കിംഗ് ഷെൽട്ടർ സംവിധാനം വളരെയേറെ ഗുണകരമാകും.
പ്രദേശവാസികൾ പറയുന്നു
അഞ്ചുതെങ്ങിൽ യാത്ര അവസാനിപ്പിക്കേണ്ട മിക്ക സ്വകാര്യ ബസുകളുമിപ്പോൾ അസൗകര്യങ്ങളാൽ കടയ്ക്കാവൂരിൽ ട്രിപ്പ് അവസാനിപ്പിക്കുന്നു. അഞ്ചുതെങ്ങ് തീരദേശ മേഖലയിൽ പുനർഗേഹം പദ്ധതി വഴി സർക്കാർ കണ്ടുകെട്ടിയ ഭൂമിയിൽ ശുചിമുറി,വിശ്രമമുറി,പാർക്കിംഗ് സൗകര്യങ്ങൾ ഉൾപ്പെടെയുള്ള പാർക്കിംഗ് ഷെൽട്ടർ സ്ഥാപിക്കാൻ സാധിക്കുമെന്ന് പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു.