ഐക്യകേരളത്തിൽ ഐതിഹാസിക ചരിത്രമാകുന്ന സെറ്റിൽമെന്റ് ആക്ട്
പ്രമാണത്തിനു പുറമെ കൈവശത്തിലുള്ള അധിക ഭൂമി നിശ്ചയിക്കാനും ക്രമവത്ക്കരിക്കാനും കഴിയുന്ന പുതിയ സെറ്റിൽമെന്റ് ആക്ട്, ഭൂപരിഷ്കരണത്തിന് ശേഷമുള്ള ഐതിഹാസിക ചരിത്രമാണ്. കേരളത്തിൽ ആകെയുള്ള ഭൂ ഉടമകളിൽ പകുതിയിലധികം പേർക്കും പ്രയോജനം ലഭിക്കുന്നതാണ് പുതിയ നിയമം. 1970 ജനുവരി ഒന്നിന് ഭൂപരിഷ്കരണ നിയമം നടപ്പിലാക്കി കേരളം, ഇന്ത്യയിലാദ്യത്തെ ജന്മിത്വം അവസാനിപ്പിച്ച സംസ്ഥാനം എന്ന ഖ്യാതി നേടി. ലോകത്തിനു മുന്നിൽ ഇന്നും പുകൾപ്പറ്റ 'കേരള മോഡൽ" നിയമമാണത്. 2022-ലെ കേരളപ്പിറവി ദിനത്തിൽ ആരംഭിച്ച ഡിജിറ്റൽ റീ സർവെ, കേരള മോഡലിന്റെ മറ്റൊരു അദ്ധ്യായം കൂടി എഴുതിച്ചേർത്തു. വനഭൂമിയൊഴികെ വരുന്ന കേരളത്തിന്റെ ഭൂ വിസ്തൃതിയുടെ നാലിലൊന്നിലധികം ഭൂമിയും ഇതിനകം ഡിജിറ്റൽ റീ സർവെ ചെയ്തു കഴിഞ്ഞു. അതിർത്തി തർക്കങ്ങളില്ലാത്ത ഒരു ഡിജിറ്റൽ വേലിയായി മാറുന്ന റീ സർവെ രേഖകൾ സംസ്ഥാനത്തിന്റെ വികസനത്തിനും ഭൂ ഉടമകൾക്കും പ്രയോജനപ്പെടുത്തുകയാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇതിന്റെ സുപ്രധാന ചുവടുവയ്പ്പാണ് സെറ്റിൽമെന്റ് ആക്ട്.
കർഷകർക്കും അവകാശം ഉറപ്പാക്കി
ഐക്യകേരളത്തിനു മുമ്പ് തിരുവിതാംകൂറിലും കൊച്ചിയിലും മലബാറിലും വ്യത്യസ്തങ്ങളും സങ്കീർണവുമായ ഭൂ ബന്ധങ്ങളായിരുന്നു നിലനിന്നിരുന്നത്. മൂന്നിടത്തും വ്യത്യസ്തങ്ങളായ അനവധി സ്വഭാവങ്ങളിലുള്ള കൈവശങ്ങൾ രേഖകളിലുണ്ട്. ജന്മിമാരും കർഷകരും കുടിയാന്മാരുമടക്കം എഴുന്നൂറിലധികം സ്വഭാവത്തിലുള്ളതായിരുന്നു തിരുവിതാംകൂറിലെ ഭൂ ഉടമസ്ഥാവകാശം. മലബാറിലെ സ്ഥിതിയാണെങ്കിൽ അതിസങ്കീർണവും. തിരുവിതാംകൂറിൽ 1865ലും 1886ലും ഉണ്ടായ രാജ വിളംബരങ്ങൾ ഒരു പരിധിവരെ ഭൂ ബന്ധങ്ങളിൽ മാറ്റങ്ങളുണ്ടാക്കി. ഉദാഹരണത്തിന്; 1888-ലെ പണ്ടാരപ്പാട്ട വിളമ്പരത്തിലൂടെയാണ് പണ്ടാര വക ഭൂമിയിലെ പാട്ടക്കാരായ ജന്മിമാർക്ക് ഭൂമിയിൽ ജന്മാവകാശം ലഭിച്ചത്. ഈ കാലയളവിൽ തന്നെ സർവെ സെറ്റിൽമെന്റ് പ്രവർത്തനങ്ങൾക്കും തുടക്കമിട്ടു. കൊച്ചിയിലും മലബാറിലും സെറ്റിൽമെന്റ് രജിസ്റ്ററുകൾ തയ്യാറാക്കി പ്രവർത്തനം ആരംഭിച്ചതും ഏകദേശം ഇതേ സമയത്തു തന്നെയാണ്. 1957-ൽ കമ്മ്യൂണിസ്റ്റ് സർക്കാർ കാർഷിക ബന്ധ നിയമവും പിന്നീട് ഭൂ പരിഷ്‌കരണ നിയമവും നടപ്പിലാക്കിയാണ്, ഭൂമി കൈവശം വയ്ക്കുന്ന കർഷകനും അതിൽ പണിചെയ്യുന്ന കർഷത്തൊഴിലാളിക്കും ഭൂമിയിൽ അവകാശം ഉറപ്പാക്കിയത്. അത് ലോക ചരിത്രമാണ്.
കൃത്യതയോടെ ഡിജിറ്റൽ റീസർവെ
ഭൂമി കൈമാറ്റങ്ങളും ഏറ്റെടുക്കലും പതിവുകളും വ്യാപകമായതോടെയാണ് പുതിയൊരു സർവെ സെറ്റിൽമെന്റ് അനിവാര്യമാവുന്നത്. അങ്ങനെ സംസ്ഥാനത്ത് റീ സർവെ നടത്താൻ 1965 ഒക്ടോബർ ആറിന് സർക്കാർ ഉത്തരവിട്ടു. ഓരോ 30 വർഷം കൂടുമ്പോഴും ഭൂ സർവെ നടത്തണമെന്നും ഉത്തരവിൽ പറഞ്ഞിരുന്നു. 1990 വരെയുള്ള കാലയളവിൽ 203 വില്ലേജുകൾ മാത്രമാണ് അളക്കാനായത്.
30 വർഷം കഴിഞ്ഞ്, 2020-ൽ എത്തിയപ്പോൾ സംസ്ഥാനത്ത് റീ സർവെ പൂർത്തിയായ വില്ലേജുകളുടെ എണ്ണം 962 ആയിരുന്നു. ഈ കാലത്തിനുള്ളിൽ കേരളത്തിലെ ഭൂമിയുടെ സ്വഭാവത്തിലും ഉപയോഗത്തിലും കാര്യമായ മാറ്റങ്ങളുണ്ടായി. അപ്പോഴും ഭൂമിയുടെ അടിസ്ഥാന രേഖ, ഒരു നൂറ്റാണ്ട് മുമ്പ് തയ്യാറാക്കിയ അതേ സെറ്റിൽമെന്റ് രജിസ്റ്ററായിരുന്നു. ഇവിടെയാണ് രണ്ടാം ഇടതുപക്ഷ സർക്കാർ ഒരു ഡിജിറ്റൽ റീ സർവെ പദ്ധതി തീരുമാനിക്കുന്നത്. അടുത്ത രണ്ടുവർഷത്തിനുള്ളിൽ സർവെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. എന്നാൽ അതുവരെ കാത്തുനിൽക്കാതെ ഡിജിറ്റൽ സർവെ രേഖകൾ ഭൂ ഉടമസ്ഥർക്കും സംസ്ഥാനങ്ങൾക്കും പ്രയോജനപ്രദമായി വിനിയോഗിക്കാനുള്ള നടപടികളിലേക്കാണ് സർക്കാർ കടക്കുന്നത്. സർവെ പൂർത്തിയായ 60 ലക്ഷത്തിലധികം ലാൻഡ് പാഴ്സലുകളിൽ, പകുതിയെണ്ണത്തിലും ആധാരത്തിലുള്ളതിനേക്കാൾ കൂടുതൽ വിസ്തീർണ്ണം കൈവശമുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ഡിജിറ്റൽ റീ സർവെയുടെ കൃത്യതയാണ് കാരണം.
വികസനത്തിലെ
നാഴികക്കല്ല്
പുതിയ റീ സർവെ രേഖകളുടെ അടിസ്ഥാനത്തിൽ അധികരിച്ച ഭൂമി പോക്കുവരവ് ചെയ്ത് നൽകാൻ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, റവന്യൂ രേഖകളും സർവെ റെക്കോർഡുകളും ഭൂമിയുടെ ഉടമസ്ഥത സംബന്ധിച്ചുള്ള രേഖകൾ അല്ലെന്നും കൈവശത്തിനുള്ള തെളിവ് മാത്രമാണെന്നുമാണ് സുപ്രീം കോടതി നിരീക്ഷിച്ചത്. ഒരു വ്യക്തിക്ക് പ്രമാണത്തിലുള്ള ഭൂമിക്ക് മാത്രമേ ഉടമസ്ഥത ലഭിക്കൂ എന്നതാണ് നിയമപരമായ തത്വം. ഭൂമിയിൽ തനിക്കുള്ള അവകാശം മാത്രമേ കൈമാറ്റം ചെയ്യാൻ പാടുള്ളൂ എന്നും നിയമത്തിൽ പറയുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പ്രമാണ ഭൂമിക്കൊപ്പം അധിക വിസ്തീർണത്തിലുള്ളതിനും അവകാശം ഉറപ്പാക്കാൻ ഒരു സെറ്റിൽമെന്റ് ആക്ട് അനിവാര്യമാണെന്ന് സർക്കാരിന് ബോദ്ധ്യമായത്.
നിലവിലുണ്ടായിരുന്ന 1961-ലെ സർവെ ആന്റ് ബൗണ്ടറി ആക്ടിൽ, പ്രമാണത്തിനു പുറമെയുള്ള അധിക ഭൂമിക്ക് ഉടമസ്ഥത നൽകാൻ വ്യവസ്ഥയില്ല. വ്യക്തമായ അതിർത്തികൾക്ക് ഉള്ളിലുള്ള അധികരിച്ച ഭൂമിക്കാണ് പുതിയ സെറ്റിൽമെന്റ് ആക്ടിലൂടെ ഉടമസ്ഥത നൽകുന്നത്. ആധാരത്തിൽ പറഞ്ഞിട്ടുള്ള അതിരുകളും വിസ്തൃതിയും തമ്മിൽ യോജിക്കാതെ വന്നാൽ നിയമ തത്വം ഉപയോഗിക്കും. കയ്യേറ്റക്കാരെ സംരക്ഷിക്കാൻ വേണ്ടിയുള്ള നിയമമാണെന്ന പ്രചാരണങ്ങൾ തീർത്തും ബാലിശമാണ്. സർക്കാർ ഭൂമി സംരക്ഷിച്ചു കൊണ്ട് മാത്രമേ അധിക ഭൂമി ക്രമവത്ക്കരിച്ചു നൽകൂ എന്ന വ്യവസ്ഥ നിയമത്തിലുണ്ട്. വ്യവഹാരങ്ങളിൽപ്പെടാത്ത, തർക്കരഹിത അതിർത്തിക്കുള്ളിലെ ആയതിനാൽ, മറ്റൊരു ഉടമസ്ഥതയിലുള്ള ഭൂമി നഷ്ടമാകില്ലെന്നതും നിയമത്തിന്റെ പ്രത്യേകതയാണ്. ഭാവി വികസന പ്രക്രിയയ്ക്കും ഈ നിയമം ഒരു നാഴികക്കല്ലാവും.