ജൂനിയർ ഓഫീസർക്കും ജില്ലാ ജഡ്‌ജിയാകാം

Saturday 11 October 2025 3:34 AM IST

കേരളത്തിൽ നിന്നുള്ള ഒരു കേസ് സുപ്രീം കോടതിയുടെ നിർണായകമായ വിധിക്ക് നിമിത്തമായിരിക്കുന്നു. ഇന്ത്യയിലെ ജൂനിയർ ജുഡിഷ്യൽ ഓഫീസർമാർക്ക് സ്ഥാനക്കയറ്റം വഴി അല്ലാതെ നേരിട്ട് പരീക്ഷ എഴുതി ജില്ലാ ജഡ്‌ജി പദവിയിലെത്താൻ കവാടം തുറന്ന ചരിത്രപ്രധാനമായ വിധിയാണ് ഉന്നത കോടതിയിൽ നിന്ന് കഴിഞ്ഞ ദിവസം ഉണ്ടായിരിക്കുന്നത്. ജില്ലാ ജഡ്‌ജിമാരുടെ നേരിട്ടുള്ള നിയമനത്തിനുള്ള 25 ശതമാനം ക്വാട്ട ഇതുവരെ ഏഴുവർഷം പ്രാക്‌ടീസുള്ള അഭിഭാഷകർക്ക് മാത്രമായിരുന്നതിലാണ് തിരുത്തൽ വരുത്തിയിരിക്കുന്നത്. ഇനിമുതൽ ഏഴുവർഷം പ്രാക്ടീസുള്ള അഭിഭാഷകർക്ക് ജില്ലാ ജഡ്‌ജിയാകാൻ ലഭിക്കുന്ന അവസരം അഭിഭാഷകവൃത്തിയിലും ജുഡിഷ്യൽ സർവീസിലും സംയുക്തമായി ഏഴുവർഷം പരിചയമുള്ളവർക്കും ലഭിക്കും. അഭിഭാഷകർക്ക് മാത്രമായി ഈ അവസരം നൽകുന്നത് തുല്യമായ അവസരം എന്ന ഭരണഘടനാ തത്വത്തിന്റെ ലംഘനമാവും. ഇതിന്റെ അടിസ്ഥാനത്തിലാണ് സംയുക്തമായി ഏഴുവർഷം പരിചയമുള്ള ജുഡിഷ്യൽ ഓഫീസർമാർക്കും ഡയറക്ട് റിക്രൂട്ട്‌മെന്റിലൂടെ ജില്ലാ ജഡ്‌ജിയാകാമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിച്ചിരിക്കുന്നത്.

ഒരു അഭിഭാഷകന്റെ കോടതിയിലെ പരിചയത്തിന് എന്തുകൊണ്ടും പിറകിലല്ല ജുഡിഷ്യൽ ഓഫീസറായിരിക്കുന്ന ഒരാളിന്റെ പരിചയം. അതിനാൽ ജുഡിഷ്യൽ ഓഫീസറായി നിയമനം ലഭിച്ചു എന്നതിന്റെ പേരിൽ അവർക്ക് ഈ അവസരം നിഷേധിക്കുന്നത് ഭരണഘടനാ വിരുദ്ധമാവുമെന്നാണ് മലയാളി ജഡ്‌ജിയായ കെ. വിനോദ്‌ ചന്ദ്രൻ ഉൾപ്പെടെ അംഗമായ ബെഞ്ചിന്റെ വിധി. എന്നാൽ ജില്ലാ ജഡ്‌ജിയുടെ പദവിക്ക് അപേക്ഷിക്കുമ്പോൾ ജുഡിഷ്യൽ ഓഫീസർക്ക് 35 വയസ് പൂർത്തിയായിരിക്കണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. അങ്ങനെ നിയമനം ലഭിക്കുന്ന ജൂനിയർ നിലയിലുള്ള ഉദ്യോഗസ്ഥൻ അവരുടെ തൊട്ട് മുകളിലുള്ളവരുടെയും മുകളിലേക്ക് എത്തപ്പെടുന്നത് ശരിയാണോ എന്ന ചോദ്യം കേസിന്റെ വാദത്തിനിടയിൽ ഉയരുകയുണ്ടായി. മെരിറ്റിനെയാണ് ഇത്തരം ചോദ്യത്തിലൂടെ താഴ്‌ത്തിക്കെട്ടാൻ ശ്രമിക്കുന്നതെന്നും കഴിവുള്ളവർ ജില്ലാ ജഡ്‌ജി സ്ഥാനത്ത് വന്ന് കേസുകൾ മികവോടെ വേഗത്തിൽ തീർപ്പാക്കാനാവണമെന്നതാണ് സുപ്രീംകോടതി ആഗ്രഹിക്കുന്നതെന്നും ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.

പ്രൊമോഷൻ വഴി സീനിയറെ നിശ്ചയിക്കുന്ന രീതിയിൽ നിന്ന് സ്വകാര്യ തൊഴിൽ മേഖല മാറിയിട്ട് കാലം കുറച്ചായി. എന്നാൽ സർക്കാർ സർവീസിലും കോടതികളിലും മറ്റും കാലങ്ങൾക്ക് മുമ്പ് നിശ്ചയിച്ച ഈ രീതി തുടരുന്നുണ്ട്. ഇതിൽ മാറ്റം വരേണ്ടതിലേക്ക് വിരൽചൂണ്ടുന്നതു കൂടിയാണ് സുപ്രീം കോടതിയുടെ ഈ വിധി. ഒരു ഉദ്യോഗസ്ഥന്റെ ട്രാക്ക് റെക്കാഡും മികവുമായിരിക്കണം പ്രായത്തിനെയും സർവീസിന്റെ ദൈർഘ്യത്തെക്കാളും കൂടുതൽ ഉയർന്ന സ്ഥാനങ്ങളിലേക്ക് എത്തുന്നതിന് പരിഗണിക്കേണ്ടത്. ഇത് എങ്ങനെ നിശ്ചയിക്കുമെന്നതിന് ആധുനിക കാലത്ത് പല പരീക്ഷാരീതികളും അവലംബിക്കാവുന്നതാണ്. കാലക്രമേണ സർക്കാർ സർവീസുകളിലും ഇത്തരം രീതികൾ ഉടലെടുത്തു വരാതിരിക്കാൻ ന്യായമില്ല. ഐ.എ.എസുകരായി വരുന്നത് താരതമ്യേന വളരെ പ്രായം കുറഞ്ഞവരാണ്. അതിന്റെ പേരിൽ പ്രായം കൂടിയവർ അവരുടെ താഴെ പ്രവർത്തിക്കാതിരിക്കുന്നില്ല. ആധുനിക കാലത്ത് പ്രായവും പരിചയക്കൂടുതലുമല്ല മികവു തന്നെയാണ് ഒന്നാം സ്ഥാനത്ത് വരേണ്ടത്.

ഏഴ് വർഷത്തിലേറെ അഭിഭാഷക വൃത്തിയിൽ പരിചയമുള്ള കെ.വി. രജനീഷ് ജൂനിയർ ജുഡിഷ്യൽ ഓഫീസറായി നിയമിതനായതിന് പിന്നാലെ ജില്ലാ ജഡ്‌ജി നിയമനത്തിനും പരീക്ഷയിൽ വിജയിച്ചതിനെത്തുടർന്ന് അർഹനായി. എന്നാൽ ഈ വ്യക്തി ജില്ലാ ജഡ്‌ജിയാകുമ്പോൾ അഭിഭാഷകനായിരുന്നില്ല എന്നും അതിനാൽ ഏഴുവർഷത്തെ അഭിഭാഷകവൃത്തിയിലുള്ള പരിചയം എന്ന മാനദണ്ഡം പാലിക്കപ്പെട്ടില്ലെന്നും അഭിഭാഷകർക്ക് വേണ്ടിയുള്ള ക്വാട്ടയിൽ ജുഡിഷ്യൽ ഓഫീസറെ നിയമിച്ചത് നിയമവിരുദ്ധമാണെന്നും കാട്ടിയാണ് എതിർകക്ഷിയായ ദീപ കോടതിയെ സമീപിച്ചത്. ഹൈക്കോടതി രജനീഷിന്റെ നിയമനം റദ്ദാക്കാനാണ് ഉത്തരവിട്ടത്. ഇതിനെതിരെ അദ്ദേഹം നൽകിയ അപ്പീലിലാണ് സുപ്രീംകോടതി ഭരണഘടന അന്തസത്തയോട് നീതി പുലർത്തുന്ന സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്. ജില്ലാ ജഡ്‌ജി സ്ഥാനത്തേക്ക് ഇന്ത്യയിലെ മികവുള്ള നിരവധി ജൂനിയർ ജുഡിഷ്യൽ ഓഫീസർമാർ കടന്നുവരാൻ വഴിയൊരുക്കുന്ന ഈ വിധി ദൂരവ്യാപകമായ സദ്‌ഫലങ്ങൾ ജുഡിഷ്യറി സംവിധാനത്തിന് സമ്മാനിക്കുന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കാം.