കള്ളനോട്ടുകളുമായി 62കാരൻ അറസ്റ്റിൽ

Saturday 11 October 2025 2:38 AM IST

പെരുമ്പാവൂർ: കള്ളനോട്ടുകളുമായി 62കാരനെ കുറുപ്പംപടി പൊലീസ് അറസ്റ്റുചെയ്തു. കൊല്ലം പത്തനാപുരം പാതിരിങ്ങൽഭാഗം ആനക്കുഴിവീട്ടിൽ അബ്ദുൾറഷീദാണ് (62) അറസ്റ്റിലായത്. പരാതിക്കാരനായ കുറ്റികുഴി സ്വദേശി വിനോജിന്റെ പയ്യാൽ ജംഗ്ഷൻ ഭാഗത്തുള്ള സ്റ്റേഷനറി കടയിൽ ബുധനാഴ്ച രാത്രി എത്തി 90 രൂപയുടെ സാധനം വാങ്ങി 500 രൂപയുടെ കള്ളനോട്ട് നൽകി ബാക്കി 410 രൂപ കൈപ്പറ്റുകയായിരുന്നു. കള്ളനോട്ടാണെന്ന് തിരിച്ചറിഞ്ഞതോടെ തുടർന്ന് പരാതി നൽകുകയായിരുന്നു.

സമീപത്തുള്ള കടകളിലും ഇയാൾ ഇത്തരം തട്ടിപ്പ് നടത്തിയിരുന്നു. നൂറ് രൂപയിൽ താഴെ വിലവരുന്ന സാധനങ്ങൾ വാങ്ങി അഞ്ഞൂറിന്റെ കള്ളനോട്ട് നൽകി ബാക്കി തുക കൈപ്പറ്റിയായിരുന്നു തട്ടിപ്പ്. ഇയാളിൽനിന്ന് വേറെയും അഞ്ഞുറിന്റെ കള്ളനോട്ടുകൾ കണ്ടെത്തി. വിവിധ കടകളിൽനിന്ന് കള്ളനോട്ട് നൽകി തിരികെ ലഭിച്ചതുകയും കണ്ടെടുത്തു.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സാം ജോസ്, എസ്.ഐമാരായ ഇബ്രാഹിംകുട്ടി, മനോജ്, ബൈജു പോൾ, എസ്.സി.പി.ഒമാരായ നൗഫൽ, ജിജോ എന്നിവരാണ് ഉണ്ടായിരുന്നത്.