മാലിന്യങ്ങൾ ഓടയിലേക്ക് ഒഴുക്കിയ മൂന്ന് സ്ഥാപനങ്ങൾക്ക് നോട്ടീസ്

Saturday 11 October 2025 12:00 AM IST

കുമളി: മാലിന്യങ്ങൾ പൊതു ഓടയിലേക്ക് ഒഴുക്കിയ സംഭവത്തിൽ കുമളിയിലെ മൂന്ന് സ്ഥാപനങ്ങളുടെ പ്രവർത്തനം നിറുത്തിവയ്ക്കാനും ലൈസൻസ് റദ്ദ് ചെയ്യാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസും പഞ്ചായത്ത് നൽകി. പെപ്പർ വൈൻ, ടൈഗർ ട്രയിൽ, വുഡ് നോട്ട് എന്നീ സ്ഥാപനങ്ങൾക്കാണ് നോട്ടീസ് നൽകിയത്. ഓപ്പറേഷൻ സ്വീപ്പ് എന്ന പേരിലുള്ള മാലിന്യമുക്ത പരിപാടിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് ഈ സ്ഥാപനങ്ങളിൽ നിന്ന് മാലിന്യങ്ങൾ പൊതു ഓടയിലേക്ക് ഒഴുക്കുന്നത് കണ്ടെത്തിയത്. പഞ്ചായത്ത് അസി. സെക്രട്ടറില മോഹനൻ, ഹെൽത്ത് ഇൻസ്‌പെക്ടർ മാടസ്വാമി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. നിയമ ലംഘനങ്ങൾ നടത്തിയ വിവിധ സ്ഥാപനങ്ങളിൽ നിന്നായി 1,72,000 രൂപ പിഴ ഈടാക്കി. ചില സ്ഥാപനങ്ങളിലെ ശുചിമുറി മാലിന്യം പോലും പൊതു ഓടയിലേയ്ക്ക് ഒഴുക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും ശക്തമായ നടപടികൾ ഉണ്ടാകുമെന്നും പഞ്ചായത്ത് സെക്രട്ടറി എ. അശോക് കുമാർ പറഞ്ഞു.