അറ്റകുറ്റപ്പണി ചെയ്തിട്ട് രണ്ട് മാസം, റോഡ് വീണ്ടും തകർന്നു

Saturday 11 October 2025 12:10 AM IST

രണ്ടു മാസങ്ങൾക്ക് മുമ്പ് നവീകരിച്ച ഏലപ്പാറ- കോഴിക്കാനം ഹെലിബറിയ റോഡ് വീണ്ടും തകർന്ന നിലയിൽ

പീരുമേട്: രണ്ടുമാസം മുമ്പ് അറ്റകുറ്റപ്പണി ചെയ്ത കോഴിക്കാനം- ഹെലിബെറിയ റോഡ് വീണ്ടും തകർന്നു. ഏലപ്പാറയിൽ നിന്ന് കോഴിക്കാനം, ഹെലിബറിയാ വഴി വണ്ടിപ്പെരിയാർ, കുമളിയിലേക്ക് പോകുന്ന റോഡാണ് തകർന്നത്. തോട്ടം തൊഴിലാളികൾ ഉൾപ്പെടെയുള്ള ജനങ്ങളുടെ ആശ്രയമാണ് ഈ റോഡ്. 2019ലാണ് പി.എം.ജി.എസ്.വൈ പദ്ധതി പ്രകാരം റോഡ് ടാറിങ് ചെയ്ത് നവീകരിച്ചത്. തുടർന്ന് റോഡിന്റെ തകർന്ന ഭാഗങ്ങൾ പലതവണ അറ്റകുറ്റപ്പണികൾ ചെയ്തു. അവസാനം രണ്ട് മാസങ്ങൾക്ക് മുമ്പാണ് ഈ റോഡിന്റെ വിവിധ ഭാഗങ്ങൾ ടാറിങ് ചെയ്ത് നവീകരിച്ചത്. എന്നാൽ നാളുകൾക്കുള്ളിൽ ഇത് വീണ്ടും മെറ്റലും ടാറിംഗും ഇളകി മുമ്പത്തെ പോലെ ആയി. റോഡിന്റെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ടുണ്ടായ അപാകതയാണ് ഈ റോഡ് വീണ്ടും വളരെ വേഗം തകരാൻ ഇടയായതെന്ന് നാട്ടുകാർ പറയുന്നു. റോഡിന്റെ പല ഭാഗങ്ങളും വലിയ തോതിൽ തകർന്നിട്ടുണ്ട്. ആറോളം ബസുകൾ സർവീസ് നടത്തുന്ന റോഡ് കൂടിയാണ് ഇത്. അടിയന്തരമായി അധികൃതർ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.