കോളേജ് യൂണിയൻ തിരഞ്ഞെടുപ്പ് : എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം
ആലപ്പുഴ: കേരള സർവകലാശാലയ്ക്കു കീഴിലുള്ള കോളേജുകളിലേക്ക് നടന്ന യൂണിയൻ തെരഞ്ഞെടുപ്പിൽ ജില്ലയിൽ എസ്.എഫ്.ഐക്ക് ഉജ്ജ്വല വിജയം. സംഘടനാപരമായി തിരഞ്ഞെടുപ്പ് നടന്ന 19 കോളേജുകളിലും വിജയക്കൊടി പാറിച്ചായിരുന്നു എസ്.എഫ്.ഐ മുന്നേറ്റം. നാമനിർദേശ പത്രിക സമർപ്പണം അവസാനിച്ചപ്പോൾ ജില്ലയിൽ 15 കോളേജിൽ എതിരില്ലാതെ വിജയിച്ചിരുന്നു. മാവേലിക്കര ഐ.എച്ച്.ആർ.ഡി, അമ്പലപ്പുഴ ഗവ.കോളേജ് എന്നിവ രണ്ട് വർഷത്തിനുശേഷം കെ.എസ്.യുവിൽനിന്ന് തിരിച്ചുപിടിച്ചു. കടുത്ത മത്സരം നടന്ന കായംകുളം എം.എസ്.എം മൂന്ന് വർഷങ്ങൾക്ക് ശേഷമാണ് പിടിച്ചെടുത്തത്. ചേർത്തല എൻ.എസ്.എസ്, ഇരമല്ലിക്കര ശ്രീ അയ്യപ്പ, ചേർത്തല എസ്.എൻ, ചേർത്തല ശ്രീനാരായണഗുരു സെൽഫ് ഫിനാൻസ്, ഹരിപ്പാട് ടി.കെ.എം, കാർത്തികപ്പള്ളി ഐ.എച്ച്.ആർ.ഡി, മാവേലിക്കര മാർ ഇവാനിയോസ് കോളേജ്, പെരിശേരി ഐ.എച്ച്ആർ.ഡി, ആല എസ്.എൻ, ചെങ്ങന്നൂർ ക്രിസ്‌ത്യൻ, മാവേലിക്കര രവിവർമ, ആലപ്പുഴ എസ്.ഡി.വി, മാവേലിക്കര ബിഷപ് മൂർ കോളേജുകളിലാണ് എതിരില്ലാതെ വിജയിച്ചത്. കടുത്ത മത്സരം നടന്ന ആലപ്പുഴ എസ്.ഡി കോളേജിൽ 2024ൽ നഷ്ടപ്പെട്ട ചെയർമാൻ, യു.യു.സി സീറ്റുകൾ എസ്.എഫ്.ഐ തിരിച്ചുപിടിച്ചു. 800 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എസ്.എഫ്.ഐ യൂണിയൻ നിലനിറുത്തിയത്. വിജയികളെ എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എം.ശിവപ്രസാദ്, ജില്ലാ പ്രസിഡന്റ് റോഷൻ.എസ്.രമണൻ, സെക്രട്ടറി വൈഭവ് ചാക്കോ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.ആതിര, ആർ.രഞ്ജിത്ത് എന്നിവർ അഭിനന്ദിച്ചു. നഗരത്തിൽ വിദ്യാർത്ഥികൾ ആഹ്ളാദപ്രകടനം നടത്തി.