മെഡി.കോളേജിന്റെ ചുറ്റുമതിൽ നിർമ്മാണത്തിന് ഭരണാനുമതി

Saturday 11 October 2025 1:31 AM IST

അമ്പലപ്പുഴ : ദേശീയ പാത വികസനത്തിനായി പൊളിച്ചുമാറ്റിയ ആലപ്പുഴ ടി.ഡി. ഗവ. മെഡിക്കൽ കോളേജിന്റെ ചുറ്റുമതിൽ നിർമ്മാണത്തിന് സർക്കാരിന്റെ ഭരണാനുമതി ലഭിച്ചു. ഹൈക്കോടതി അനുവദിച്ച .3 മാസത്തെ സമയപരിധി സെപ്തംബർ 24 ന് അവസാനിച്ചതിനെത്തുടർന്നാണ് കോടതി അലക്ഷ്യ നടപടികളിലേക്ക് നീങ്ങും മുമ്പ് 1.27 കോടി രൂപയുടെ ഭരണാനുമതി വ്യാഴാഴ്ചയാണ് ലഭിച്ചത്.

പി.ടി.എയുടെ നേതൃത്വത്തിൽ മുഖ്യമന്ത്രി ഉൾപ്പെടെയുള്ള മന്ത്രിമാർ , കേന്ദ്ര മന്ത്രിമാർ, ദേശീയ പാത അധികൃതർ, എം.പി , എം.എൽ.എമാർ , പി.ഡബ്ല്യു.ഡി അധികൃതർ എന്നിവർക്ക് നിരന്തരമായി നിവേദനങ്ങൾ നൽകിയെങ്കിലും അനുകൂലമായ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ പി.ടി.എ മുൻകൈയെടുത്ത് കോളേജിലെ 6 എം.ബി.ബി.എസ് വിദ്യാർത്ഥിനികളുടെ നേത്യത്വത്തിൽ ഹൈക്കോടതിയിൽ റിട്ട് ഫയൽ ചെയ്തതിനെത്തുടർന്ന് മൂന്ന് മാസത്തിനുള്ളിൽ മതിൽ പണിയണമെന്ന് സർക്കാരിന് ഹൈക്കോടതി ഉത്തരവ് നൽകുകയും ചെയ്തിരുന്നു. ആയിരക്കണക്കിന് കുട്ടികൾ പഠിക്കുന്നതും പത്തിലധികം ഹോസ്റ്റലുകൾ, ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ, പരമപ്രധാനമായ സാമ്പിളുകൾ സൂക്ഷിക്കുന്ന പത്തോളജി, മൈക്രോബയോളജി, അനാട്ടമി ലാബുകൾ ഉൾപ്പെടെ സ്ഥിതി ചെയ്യുന്നതുമായ കോളേജിൽ സാമൂഹ്യ വിരുദ്ധ ശല്യം, നായ ശല്യം എന്നിവ രൂക്ഷമായിരുന്നു. രാത്രികാലങ്ങളിൽ പെൺകുട്ടികളുടെ ഹോസ്റ്റലുകളിൽ അപരിചതർ കയറിയ സംഭവം വരെയുമുണ്ടായി. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തികരിക്കുന്നതുവരെ കോടതി നടപടികളുമായി മുന്നോട്ട് പോകുമെന്ന് പി.റ്റി.എ ഭാരവാഹികൾ അറിയിച്ചു.ചുറ്റുമതിൽ നിർമ്മാണത്തിന് ഭരണാനുമതി ലഭിച്ചതിൽ ലഡു വിതരണം നടത്തി സന്തോഷം പങ്കിട്ടു. വൈസ് പ്രിൻസിപ്പൽ ഡോ. ജെസ്സി. എസ്സ്. ജെ, പി. റ്റി എ പ്രസിഡന്റ് ഗോപകുമാർ. സി, വൈസ് പ്രസിഡന്റ് ഷാജി വാണിയപ്പുരയ്ക്കൽ, പി. റ്റി.എ ട്രഷറർ ഡോ. സ്മിത. ജി. രാജ്, ഡോ. ഉദയമ്മ , പി.റ്റി.എ എക്സിക്യൂട്ടീവ് അംഗം എസ്. പുഷ്പരാജൻ, വിദ്യാർത്ഥികളായ മുഹമ്മദ് ആഷിക്ക് , ആൻസി മോത്തിസ്, സുൽത്താന ബഷീർ തുടങ്ങിയവർ പങ്കെടുത്തു.