രണ്ടാം കൃഷിക്ക് തിരിച്ചടിയായി കുട്ടനാട്ടിൽ ഓലചുരുട്ടിപ്പുഴു
ആലപ്പുഴ: കുട്ടനാട്ടിൽ രണ്ടാം കൃഷിക്ക് തിരിച്ചടിയായി ഓലചുരുട്ടിപ്പുഴു. വിതച്ച് 20 മുതൽ 90 ദിവസം വരെ പിന്നിട്ട നെൽച്ചെടികളിലാണ് കീടസാന്നിദ്ധ്യം ശക്തമായത്. 37പാടശേഖരങ്ങളിലായി ഏകദേശം 190 ഹെക്ടർ പ്രദേശത്ത് കീടസാന്നിദ്ധ്യം കണ്ടെത്തിയെങ്കിലും 60ഹെക്ടറിലാണ് രൂക്ഷം. ചില പാടശേഖരങ്ങളിൽ തണ്ടുതുരപ്പന്റേയും ശല്യമുണ്ട്. ഇതേ തുടർന്ന് ഓലചുരുട്ടിപ്പുഴുവിനെ പ്രതിരോധിക്കാൻ നിർദ്ദേശങ്ങളുമായി സംസ്ഥാന കീടനിരീക്ഷണ കേന്ദ്രം രംഗത്തെത്തി.
കീടനാശിനി ഉടൻ അരുത്
#ശലഭങ്ങളെ കാണുന്നു എന്ന കാരണത്താൽ മാത്രം കീടനാശിനി പ്രയോഗിക്കരുത്
#ശലഭങ്ങളെ കൂടുതലായി കണ്ടാൽ 7മുതൽ10 ദിവസങ്ങൾക്കുള്ളിൽ പുഴുക്കളുടെ സാന്നിദ്ധ്യം കണ്ടേക്കാം
#100 ചുവടുകൾക്ക് ഒരു ചുവട്ടിലധികം കാണുന്നുണ്ടെങ്കിലാണ് സാധാരണ നിയന്ത്രണമാർഗ്ഗങ്ങൾ അവലംബിക്കുക
#വിതച്ച് 45 ദിവസം വരെ പ്രായമായ ചെടികളിൽ തരിരൂപത്തിലുള്ള കീടനാശിനികൾ മണ്ണിൽ വളത്തോടൊപ്പം ചേർക്കാം
# അതിന് മുകളിൽ പ്രായമായ ചെടികളിൽ തളിപ്രയോഗം തന്നെ നടത്തണം
#കീടനാശിനി തളിക്കുമ്പോൾ മിത്ര പ്രാണികൾക്ക് നാശമുണ്ടാകാൻ സാദ്ധ്യതയുള്ളതിനാൽ സാങ്കേതിക ഉപദേശംതേടുക
#കൊതുമ്പ് പരുവം മുതലുള്ള ചെടികളിലെ കീടബാധ, ഉടനടി നിയന്ത്രണ വിധേയമാക്കണം
കീടനിരീക്ഷണ
കേന്ദ്രത്തിലേക്ക്
വിളിക്കാം : 9383470697