ഭരണപക്ഷത്ത് വിള്ളൽ , പ്രതിപക്ഷം വിട്ടുനിന്നു കോർപറേഷൻ വികസന സദസ് പരാജയം..!
തൃശൂർ: കോർപറേഷൻ സംഘടിപ്പിച്ച വികസന സദസ് ഭരണപക്ഷത്തിന് പൊല്ലാപ്പായി. തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം അടുത്ത മാസം വരാനിരിക്കെ സംഘടിപ്പിച്ച വികസന സദസിൽ നിന്ന് ഭരണപക്ഷത്തിന്റെ ഭൂരിഭാഗം ഘടകകക്ഷികളും കൗൺസിലർമാരും വിട്ടുനിന്നു. രണ്ട് ദിവസങ്ങളലായി ലക്ഷങ്ങൾ ചെലവഴിച്ചാണ് വികസന സദസ് സംഘടിപ്പിച്ചത്. വേദിയിൽ ആളുകൾ കുറഞ്ഞെങ്കിലും കുടുംബശ്രീ പ്രവർത്തകരെയും മറ്റും വരുത്തി സദസ് സമ്പന്നമാക്കി. പ്രധാന ഘടകകക്ഷിയായ സി.പി.ഐ സദസ് പൂർണമായി ബഹിഷ്‌കരിച്ചത് മേയർക്കും കൂട്ടർക്കും വൻ തിരിച്ചടിയായി. ജനതാദൾ (എസ്) അംഗം ഷീബ ബാബു, സി.പി.എമ്മിലെ ഭൂരിഭാഗം സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരും വിട്ടുനിന്നു. പലർക്കും ആദ്യ ദിവസം പരിപാടികൾ ആരംഭിച്ച അന്ന് വൈകിട്ടാണ് നോട്ടീസ് തന്നെ ലഭിച്ചത്. സി.പി.എമ്മിലെ കൗൺസിലർമാരിൽ പലരും തിരിഞ്ഞു നോക്കിയില്ല.
ബഹിഷ്‌കരിച്ച് സി.പി.ഐ
പരിപാടിയിൽ എല്ലാ കക്ഷി നേതാക്കളുടെയും പേരുകൾ വച്ചപ്പോൾ ഭരണപക്ഷത്തെ രണ്ടാം കക്ഷിയായ സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി.ശിവാനന്ദന്റെ പേര് പോലും നോട്ടീസിൽ വയ്ക്കാത്തതിലും മറ്റെല്ലാ സ്ഥിരംസമിതി അദ്ധ്യക്ഷൻമാരുടെ ഫോട്ടോ ചേർത്തപ്പോൾ സാറാമ്മ റോബ്‌സനെ ഒഴിവാക്കി നോട്ടീസ് ഇറക്കിയതിലുമായിരുന്നു പ്രതിഷേധം. ഇതേതുടർന്ന് ആദ്യദിന പരിപാടികൾ ബഹിഷ്‌കരിച്ചിരുന്നു. തുടർന്ന് മറ്റൊരു നോട്ടീസ് പുറത്തിറക്കിയെങ്കിലും ഇന്നലത്തെ വികസന സദസിന്റെ ഉദ്ഘാടന സദിസിൽ നിന്ന് വിട്ടുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. അതേസമയം, ഉദ്ഘാടകനായ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് പങ്കെടുത്തു. ഡെപ്യുട്ടി മേയർ ആദ്യ ദിവസത്തെ പരിപാടിയിൽ പങ്കെടുത്തെങ്കിലും ഇന്നലെ എത്തിയിരുന്നില്ല. ശാരീരിക അസ്വസ്ഥതയെന്നാണ് കാരണം പറഞ്ഞത്.
പ്രതിപക്ഷം വിട്ടു നിന്നു
വികസന സദസിൽ നിന്ന് പ്രതിപക്ഷമായ കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാരും പാർട്ടി പ്രതിനിധികളും വിട്ടുനിന്നു. യാതൊരു വിധ കൂടിയാലോചനകളും നടത്താതെയാണ് വികസന സദസ് സംഘടിപ്പിച്ചതെന്നും സംഘാടകസമിതി രൂപീകരിച്ചത് പോലും അറിഞ്ഞില്ലെന്നും ഭരണപക്ഷത്തെ കൗൺസിലർമാർ തന്നെ കുറ്റപ്പെടുത്തി.
പരിപാടിയുടെ അന്ന് വൈകിട്ടാണ് നോട്ടീസ് എത്തിച്ചത്. ഇങ്ങനെ ഒരു വികസന സദസിനെ കുറിച്ച് യാതൊരു ചർച്ചകളും നടന്നിട്ടില്ല. -ഷീബ ബാബു, ജനതാദൾ (എസ്)
പാർട്ടി നിർദ്ദേശപ്രകാരമാണ് വികസന സദസിൽ പങ്കെടുക്കാതിരുന്നത്. പാർട്ടിയുടെ നാല് അംഗങ്ങളും ബഹിഷ്‌കരിച്ചു.
-സാറാമ്മ റോബ്‌സൺ, സി.പി.ഐ