പണം തട്ടിയതായി പരാതി

Saturday 11 October 2025 12:45 AM IST

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ സ്വന്തം അക്കൗണ്ടിൽ നിന്നു പലപ്പോഴായി 16 ലക്ഷം രൂപ തട്ടിയെന്ന് മുൻ മാനേജരുടെ പരാതി. താൽക്കാലിക ജീവനക്കാരിയായ വനിത വ്യാജരേഖ ചമച്ചാണ് തട്ടിപ്പു നടത്തിയതെന്ന് കുരുവന്നൂർ മഴുവൻചേരി പറമ്പിൽ വീട്ടിൽ എം.കെ.മുരളി പറഞ്ഞു. 2021 മേയ് 31ന് ഇരിങ്ങാലക്കുട സിവിൽ സ്‌റ്റേഷൻ ശാഖയിൽ നിന്നു മാനേജരായി വിരമിച്ച മുരളി തട്ടിപ്പു സംബന്ധിച്ച് ആദ്യം ശ്രദ്ധിച്ചിരുന്നില്ലത്രേ. സഹകരണബാങ്കിലെ കമ്പ്യൂട്ടറുകളിൽ ജീവനക്കാരുടെ അക്കൗണ്ടിന്റെ പാസ്‌വേഡ് സഹിതം ലഭിക്കുമെന്നും ഇതിലൂടെയാണ് പലപ്പോഴായി തുക തട്ടിച്ചതെന്നുമാണ് പരാതി. കളവു നടത്തിയ ജീവനക്കാരിയെ രക്ഷിക്കാനാണ് ബാങ്ക് അധികൃതർ ശ്രമിക്കുന്നതെന്നും കുറ്റപ്പെടുത്തി. വാർത്താസമ്മേളനത്തിൽ അഡ്വ. പി.കെ.പ്രദീപ്കുമാർ പങ്കെടുത്തു.