ചിരാഗിനെ പിണക്കിയാൽ ബീഹാറിൽ പണിയുറപ്പ്
ന്യൂഡൽഹി: ബീഹാറിൽ 25 കൊല്ലമായി എല്ലാ തിരഞ്ഞെടുപ്പുകളിലും അന്തരിച്ച മുൻ കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്റെ ലോക് ജൻശക്തി നിർണായകമാണ്. ദളിത് വോട്ടർമാർക്കിടയിൽ പാസ്വാനുണ്ടാക്കിയ സ്വാധീനമുപയോഗിച്ച് അദ്ദേഹത്തിന്റെ മരണ ശേഷം മകൻ ചിരാഗ് പാസ്വാനും തിരഞ്ഞെടുപ്പുകളിൽ വിലപേശൽ ശക്തിയാകുന്നു. 2020ൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ജെ.ഡി.യുവിനെയും പ്രതീപ്പെടുത്താൻ ചിരാഗ് പാസ്വാനെയും ലോക് ജൻശക്തി പാർട്ടിയെയും അവഗണിച്ചതിന്റെ പേരിൽ എൻ.ഡി.എയ്‌ക്ക് നഷ്‌ടമായത് ഏതാണ്ട് 30ഓളം സീറ്റുകൾ. സ്വന്തം സ്ഥാനാർത്ഥി ജയിച്ചില്ലെങ്കിലും ജെ.ഡി.യുവിനുള്ള വോട്ട് തടയാൻ ചിരാഗിന് കഴിഞ്ഞു. ജെ.ഡി.യു 2015 ൽ 71 ൽ നിന്ന് 43 ആയി താണു.
രാംവിലാസ് പാസ്വാൻ അന്തരിച്ചതിന് പിന്നാലെ സഹോദരൻ പശുപതി പരസിന്റെ നേതൃത്വത്തിൽ നടന്ന വിമത നീക്കം ചിരാഗ് പാസ്വാനെ ഒതുക്കാൻ ലക്ഷ്യമിട്ടായിരുന്നു. പിന്നാലെ ബി.ജെ.പിയും ചിരാഗിനെ അകറ്റി. സിനിമയിൽ അഭിനയിച്ച് നടന്ന ചിരാഗിന് രാഷ്‌ട്രീയ ഭാവി ഇല്ലെന്നായിരുന്നു പലരും കരുതിയത്. 2020ലെ ബിഹാർ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നോവിക്കാതെ ജെ.ഡി.യുവിനെ ലക്ഷ്യമിട്ട് നടത്തിയ നീക്കങ്ങൾ കണക്കുകൂട്ടലുകൾ തെറ്റിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് നടത്തിയ ചർച്ചകൾക്കൊടുവിൽ 2023 ജൂലായിൽ ചിരാഗിനെയും എൽ.ജെ.പിയെയും എൻ.ഡി.എയിൽ തിരികെ കയറ്റി. 2024 ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടായിരുന്നു അത്.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച അഞ്ചുസീറ്റിലും എൽ.ജെ.പി ജയിക്കുകയും ചെയ്‌തു. പിതാവിന്റെ മണ്ഡലമായ ഹാജിപ്പൂരിൽ നിന്ന് ചിരാഗും തിരഞ്ഞെടുക്കപ്പെട്ടു. തുടർന്ന് കേന്ദ്രമന്ത്രിസഭയിൽ ഭക്ഷ്യ സംസ്‌കരണ മന്ത്രിയുമായി.
നിയമസഭാ തിരഞ്ഞെടുപ്പിൽ 2020ന്റെ ഒാർമ്മകളുണർത്തും വിധം ചിരാഗ് 40 സീറ്റുകൾ ആവശ്യപ്പെട്ടത് എൻ.ഡി.എയിൽ ബി.ജെ.പിയെ ഞെട്ടിച്ചു. അത് 25ലേക്ക് എത്തിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. തങ്ങൾ ജയിച്ച അഞ്ച് ലോക്‌സഭാ മണ്ഡലങ്ങളിലുൾപ്പെട്ട എല്ലാ നിയമസഭാ സീറ്റുകളിലും മത്സരിക്കണമെന്നാണ് ആവശ്യം. ഇതിൽ പലതും ഇപ്പോൾ ജെ.ഡി.യുവിന്റേതാണ്. ബെഗുസാരായിയിലെ മതിഹാനി, ഖഗാരിയ ജില്ലയിലെ അലൗലി, പർബട്ട, വൈശാലി ജില്ലയിലെ രാജപാകർ, മഹ്‌നാർ, സമസ്തിപൂർ ജില്ലയിലെ കല്യാൺപൂർ, ദർഭംഗ ജില്ലയിലെ കുശേശ്വർസ്ഥാൻ, ജാമുയി ജില്ലയിലെ ചകായ്, സിക്കന്ദ്ര സീറ്റുകളിൽ തർക്കമുണ്ട്.