ഡോ. മോഹൻദാസ്, ശ്രീചിത്ര മറക്കില്ല

Saturday 11 October 2025 3:50 AM IST

ഡോ. എം.എസ്. വല്യത്താനും ഡോ. മോഹൻദാസും ഡയറക്ടറായിരുന്ന കാലയളവിൽ എനിക്ക് 'ചിത്ര"യുടെ പബ്ളിക് റിലേഷൻസ് ഓഫീസറായി സേവനം അനുഷ്ഠിക്കാനും, ഈ രണ്ട് മഹത്‌വ്യക്തികളുമായി ഊഷ്‌മള ബന്ധം പുലർത്താനും കഴിഞ്ഞു. കേരളത്തിൽ സമഗ്ര വികസനത്തിന്റെ പാത ഒരുക്കിയ സി. അച്യുതമേനോൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് ഉയർന്നുവന്ന ഒരാശയമായിരുന്നു ശ്രീചിത്രാ ഇൻസ്റ്റിറ്റ്യൂട്ട്. ഡോ. എം.എസ്. വല്യത്താനെ കേരളത്തിലെത്തിക്കാൻ അച്യുതമേനോൻ നടത്തിയ പരിശ്രമങ്ങളുടെയും, മുഖ്യമന്ത്രി എന്ന നിലയിൽ പ്രസ്തുത സ്ഥാപനത്തിൽ സ്ഥലം കണ്ടെത്താനും തുടർ നടപടികൾ ആരംഭിക്കാനും സ്ഥാപനത്തിന് ഉചിതമായ തലവനെ കണ്ടെത്താനും ചുവപ്പുനാട തടസമാകാൻ പാടില്ലെന്ന അച്യുതമേനോന്റെ നിർബന്ധത്തിന്റെ ഫലമായി ശ്രീചിത്രാ മെഡിക്കൽ സെന്ററിന്റെ പ്രവർത്തനങ്ങൾ ശരവേഗത്തിൽ മുന്നോട്ടുപോയി.

വല്യത്താൻ ഒരു മഹാപ്രസ്ഥാനമായിരുന്നു. ചിത്രയിൽ വന്ന നാൾ മുതൽ ഡോ. മോഹൻദാസ് വല്യത്താന്റെ ഏറ്റവും വിശ്വസ്തനായ സഹയാത്രികനായി മാറി. 1976-ൽ ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ഹൃദയം തുറന്നുള്ള ആദ്യ ശസ്ത്രക്രിയ വിജയകരമായി നടന്നു. ഈ ശസ്ത്രക്രിയയിൽ ഡോ. വല്യത്താനോടൊപ്പം നിർണ്ണായകമായ പങ്ക് വഹിച്ചത് ഡോ. മോഹൻദാസ് ആയിരുന്നു. പതിനഞ്ചുവർഷം ഡോ. മോഹൻദാസ് 'ചിത്ര"യുടെ ഡയറക്ടറായി സേവനം അനുഷ്ഠിച്ചു. സ്ഥാപനത്തിന്റെയും ജീവനക്കാരുടെയും സുവർണകാലമായിരുന്നു ഡോ. മോഹൻദാസ് ഡയറക്ടറായിരുന്ന കാലം. സൗമ്യൻ, എപ്പോഴും മായാത്ത ഒരു മന്ദഹാസം ആ മുഖത്തുണ്ടാകുമായിരുന്നു.വളരെ കൂൾ ആയി ജോലി ചെയ്തു.സഹപ്രവർത്തകരെ ചേർത്തുപിടിച്ചു. '' ഡോ. മോഹൻദാസിന്റെ അവസാനകാലത്തുപോലും ശ്രീചിത്രാ മെഡിക്കൽ സെന്ററിനെക്കുറിച്ചുള്ള ചിന്തകളായിരുന്നു""വെന്നാണ് ഡോ. മോഹൻദാസിന്റെ ഭാര്യ ഡോ. ഇന്ദിരയുടെ പ്രതികരണം.

(ശ്രീ ചിത്രയിലെ മുൻ പബ്ളിക് റിലേഷൻസ് ഓഫീസറാണ് ലേഖിക )