ദേശീയപാത റീച്ചുകളെല്ലാം വേഗം തീർക്കണം
കേരളത്തിൽ ദേശീയപാത 66-ന്റെ, നിർമ്മാണം പൂർത്തിയാകുന്ന റീച്ചുകൾ വരുന്ന ജനുവരിയിൽ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്യുമെന്ന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കഴിഞ്ഞദിവസം അറിയിക്കുകയുണ്ടായി. ഇതിനായി ഭൂമിയേറ്റെടുത്ത വകയിൽ സംസ്ഥാന സർക്കാരിനു ചെലവായ തുകയിൽ നിന്ന് 237 കോടി രൂപ എഴുതിത്തള്ളാനും മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ തീരുമാനമായിട്ടുമുണ്ട്. ആഹ്ളാദകരമായ കാര്യമാണിത്. എന്നാൽ ചില റീച്ചുകളുടെ നിർമ്മാണം, പ്രത്യേകിച്ചും തിരുവനന്തപുരം ഉൾപ്പെടുന്ന തെക്കൻ റീച്ചിന്റേതടക്കം ഒച്ചിഴയുന്ന വേഗത്തിലാണ് നടന്നുവരുന്നത്. ഇക്കാര്യം മുഹമ്മദ് റിയാസ് തന്നെ തുറന്നു പറയുകയുണ്ടായി.
കരാറുകാർ ഉഴപ്പിയതാണ് കാരണം. നിലവിൽ കാസർകോട്- തളിപ്പറമ്പ്, വടകര- അഴിയൂർ- വെങ്ങളം, തിരുവനന്തപുരം റീച്ചുകളിലാണ് നിർമ്മാണം വൈകുന്നത്. സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും ഇക്കാര്യത്തിൽ ഒരുമിച്ചു പ്രവർത്തിക്കുന്നുണ്ടെങ്കിലും കരാർ കമ്പനിക്കാർ കെടുകാര്യസ്ഥത കാട്ടുകയാണ്. ദേശീയപാത അതോറിട്ടി അധികൃതരുടെ മേൽനോട്ടത്തിലും വലിയ വീഴ്ച സംഭവിക്കുന്നുണ്ട്. സമീപകാലത്ത് നിർമ്മാണവേളയിൽ ദേശീയപാതചില ഇടങ്ങളിൽ ഇടിഞ്ഞു വീണതിനെത്തുടർന്ന് മന്ത്രി ഗഡ്കരി തന്നെ നേരിട്ട് ഇടപെടുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു. ചില റീച്ചുകളിൽ കാര്യമായ പുരോഗതിയുണ്ടായി. മറ്റിടങ്ങളിലാകട്ടെ ജോലിക്കാർ പോലും കുറവുമായിരുന്നു. പണി ഉഴപ്പുന്ന കരാർകാർക്കെതിരെ കർശന നടപടി കൈക്കൊള്ളുമെന്ന് മന്ത്രി റിയാസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഈ മാസം തുടർ പുരോഗതി വിലയിരുത്താൻ കേന്ദ്രമന്ത്രി ഗഡ്കരിയുടെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേരുന്നുണ്ട്.
പ്രാദേശിക ജനപ്രതിനിധികളുമായി ചർച്ച ചെയ്യാതെയാണ് ദേശീയപാത 66-ന്റെ വിശദപദ്ധതി ദേശീയപാത അതോറിട്ടി തയ്യാറാക്കിയത്. ഇതുകാരണം ആവശ്യത്തിനു അണ്ടർ പാസ്, മേൽപ്പാലം എന്നിവയില്ലാതായി. തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുമായി കൂടിയാലോചിക്കാതിരുന്നത് ഗുരുതര വീഴ്ചയാണ്. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടയിരിക്കുന്നു. ദേശീയപാത വികസനത്തിനു സ്ഥലം ഏറ്റെടുത്തു നൽകുന്നതിൽ കേരള സർക്കാർ പ്രകടമാക്കുന്ന ശുഷ്ക്കാന്തിയെ കേന്ദ്ര മന്ത്രി ഗഡ്കരി അഭിനന്ദിക്കുകയുണ്ടായി. ഉപരിതല ഗതാഗത വകുപ്പുമന്ത്രിയെന്ന നിലയിൽ രാജ്യത്തെ റോഡുകൾ ആധുനിക രീതിയിൽ വികസിപ്പിക്കുന്നതിൽ ഗഡ്കരി മികച്ച ആസൂത്രണത്തോടെയാണ് പദ്ധതികൾ ആവിഷ്ക്കരിക്കുന്നത്. കേരളത്തിന്റെ കാര്യങ്ങളിൽ അദ്ദേഹം പ്രത്യേക താത്പര്യം പുലർത്തുന്നുണ്ട്. ദേശീയപാത നിർമ്മാണം പൂർണ്ണതോതിലായാൽ കേരളത്തിൽ വലിയ വികസനത്തിനു അത് വഴിയൊരുക്കും.
അതേസമയം നഗരങ്ങളിലെ റോഡുകൾ ഗതാഗതക്കുരുക്കിൽ വലയുകയാണ്. കോർപ്പറേഷന്റെ സ്മാർട്ട് സിറ്റി പദ്ധതി പ്രകാരം തലസ്ഥാനത്തെ റോഡുകൾ പലതും മെച്ചപ്പെടുത്തിയെങ്കിലും ട്രാഫിക് കുരുക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത സ്ഥിതിയാണ്. വാഹനപ്പെരുപ്പത്തിനനുസരിച്ചു ഗതാഗത സംവിധാനം ക്രമീകരിക്കാൻ ആസൂത്രിതമായ നടപടിയൊന്നും സ്വീകരിച്ചു കാണുന്നില്ല. സ്കൂൾ- ഓഫീസ് സമയങ്ങളിൽ തലസ്ഥാന നഗരത്തിലെ ഗതാഗതക്കുരുക്ക് അനുഭവിച്ചാലേ മനസിലാകൂ. ഇക്കാര്യത്തിൽ കൂടി അധികൃതരുടെ കണ്ണ് തുറക്കേണ്ടിയിരിക്കുന്നു.