എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
കോഴിക്കോട്: സിറ്റിയുടെ പല ഭാഗങ്ങളിൽ എം.ഡി.എം.എ വിൽപന നടത്തിയ യുവാവ് പിടിയിൽ. കല്ലായി പയ്യാനക്കൽ പടന്നവളപ്പ് കാവുങ്ങൽ വീട്ടിൽ റീഫത്ത് ഷംനാസ് (27) നെയാണ് പന്നിയങ്കര പൊലീസും, കോഴിക്കോട് സിറ്റി ഡെൻസാഫും ചേർന്ന് പിടികൂടിയത്. തിരുവണ്ണൂർ ഒ.കെ റോഡിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത്. വിൽപ്പനയ്ക്കും ഉപയോഗത്തിനുമായി സുക്ഷിച്ച 6.428 ഗ്രാം എം.ഡി.എം.എയും, വിറ്റുകിട്ടിയ 11,650 രൂപയും പിടിച്ചെടുത്തു. ബംഗളൂരുവിൽ നിന്നും കോഴിക്കോട് ജില്ലയിലെ പല സ്ഥലങ്ങളിലേക്ക് ലഹരി എത്തിച്ചു കൊടുക്കുന്ന ലഹരി മാഫിയ സംഘങ്ങളിൽ നിന്ന് എം.ഡി.എം.എ വാങ്ങിച്ച് പയ്യാനക്കൽ, കല്ലായി, മീഞ്ചന്ത, എന്നിവിടങ്ങളിലെ അന്യസംസ്ഥാന തൊളിലാളികൾ ഉൾപ്പെടെ സ്‌കൂൾ, കോളജ് വിദ്യാർത്ഥികൾക്കിടയിലും, യുവജനങ്ങൾക്കിടയിലും മയക്കുമരുന്ന് വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയാണിയാൾ. മയക്കുമരുന്ന് വിൽപനയിലൂടെ അനധികൃതമായി സമ്പാദിക്കുന്ന പണം ഉപയോഗിച്ച് ആർഭാട ജീവിതം നയിച്ചുവരികയായിരുന്നു പ്രതി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.